ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹി നിയമസഭാ സീറ്റില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. അരവിന്ദ് കെജ്‌രിവാൾ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 


എന്നാൽ നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ റോഡ് ഷോ നീണ്ടതോടെ അദ്ദേഹത്തിന് സമയത്തിന്  മുഖ്യ  ഭരണാധികാരിയുടെ ഓഫീസിൽ എത്താനായില്ല.


നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം മൂന്ന് മണിവരെയായിരുന്നു. ഇതേ തുടർന്ന് നോമിനേഷൻ സമർപ്പിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. 


ഞായറാഴ്ച ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്. 


'Kejriwal Ka Guarantee Card' എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയില്‍ ആം ആദ്മി സര്‍ക്കാര്‍ ആധികാരത്തില്‍ തുടര്‍ന്നാല്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. 


അതായത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ എന്ന് അദ്ദേഹം വീണ്ടും ഉറപ്പ് നല്‍കുന്നു.