ജയ്പൂര്‍:  ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ നോട്ടപ്പുള്ളിയായ  ഡോ. കഫീല്‍ ഖാന്‍  (Dr. Kafeel Khan) രാജസ്ഥാനില്‍...!!


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി (Priyanka Gandhi) തന്നോട് സംസാരിച്ചിരുന്നുവെന്നും  അവര്‍ നല്‍കിയ ഉറപ്പിലാണ് താന്‍  രാജസ്ഥാനില്‍ എത്തിയതെന്നും  ഡോ.  കഫീല്‍ ഖാന്‍ പറഞ്ഞു.  രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് അദ്ദേഹം  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


തന്നോട് രാജസ്ഥാനിലേക്ക് വരണമെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി  അവിടെ താന്‍ സുരക്ഷിതനായിരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. 


"പ്രിയങ്കാ ഗാന്ധി എന്നെ വിളിച്ചിരുന്നു. എന്നോട് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ പറഞ്ഞു. സുരക്ഷിതമായ ഒരിടം രാജസ്ഥാനില്‍ നല്‍കാമെന്ന് ഉറപ്പ് തന്നു. ഉത്തര്‍ പ്രദേശ്   സര്‍ക്കാര്‍ എന്നെ മറ്റേതെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ അവിടെ  നില്‍ക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ യു.പിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു"  അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 


കുടംബസമേതമാണ് കഴിഞ്ഞ ദിവസം ഡോ.  കഫീല്‍ ഖാന്‍  ജയ്പൂരിലെത്തിയത്. 


'പ്രിയങ്കാ ഗാന്ധി എന്നെ ഒരുപാട് സഹായിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജസ്ഥാന്‍ ഭരിക്കുന്നിടത്തോളം ഇവിടെ ഞാനും കുടുംബവും സുരക്ഷിതരാണ്. കഴിഞ്ഞ ഏഴര മാസമായി മാനസികമായും ശാരീരികമായും ഞാന്‍ അത്രയേറെ പീഡിപ്പിക്കപ്പെട്ടു.' കഫീല്‍ ഖാന്‍ പറഞ്ഞു.


ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുമെന്നും,  കോവിഡ് പ്രതിസന്ധി സാഹചര്യത്തില്‍ സ്വന്തം സംസ്ഥാനത്തെ സേവിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഡോ. കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.


സെപ്റ്റംബര്‍ ഒന്നാം തിയതിയാണ് അലഹബാദ് ഹൈക്കോടതി  ഡോ. കഫീല്‍ ഖാനെതിരായി   ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയും  അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചതിനാണ് കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ ഉത്തര്‍ പ്രദേശ് പോലീസ്  അറസ്റ്റു ചെയ്തത്. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 10ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു.പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു.


ഗോരഖ്പൂരിലെ  ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ നൂറോളം  കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ അദ്ദേഹം  സര്‍ക്കാരിന്‍റെ  നോട്ടപ്പുള്ളിയുമായി. തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്ത് ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.