ജമ്മു: ഉറി സൈനിക താവളത്തിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തിയില്‍ വീണ്ടും പാക്‌ പ്രകോപനം. ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉറി ഭീകരാക്രമണത്തിനു ശേഷം പലതവണ അതിർത്തിയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് പാകിസ്താനിലെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താന്‍ പ്രകോപനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.


ഒരു ഇന്ത്യന്‍ സൈനികനെ പിടികൂടിയതായും 8 സൈനികരെ വധിച്ചതായും പാകിസ്താന്‍ അവകാശപ്പെട്ടു. എന്നാല്‍ സൈനികരെ വധിച്ചെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു. പ്രദേശവാസികളും സൈനികരും അബദ്ധത്തില്‍ അതിര്‍ത്തി ലംഘിക്കുന്നത്  സാധാരണമാണെന്നും ഇന്ത്യന്‍ സേന അറിയിച്ചു.


അതേസമയം, യു.എന്‍ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്കെതിരെ പാകിസ്താന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യയും പാകിസ്താനുമിടയിലുണ്ടായിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്​. ഇരുപക്ഷവും സംഘര്‍ഷം ഒഴിവാക്കാനുള്ള ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.


സെപ്റ്റംബര്‍ 20നു നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകളായിരുന്നു പാക്ക് സൈന്യത്തിന്‍റെ ലക്ഷ്യം. അന്നും ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തെ തുടര്‍ന്നാണ് പാക്ക് സൈന്യം വെടിവയ്പ്പ് അവസാനിപ്പിച്ചത്.