രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി. രാത്രി 8 മണിക്ക് രാഷ്ട്രത്തെ അടിയന്തരമായി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ അന്തിമ യുദ്ധപ്രഖ്യാപനം നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ നടപടികളെപ്പറ്റി പ്രധാനമന്ത്രി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ നേരില്‍കണ്ട് അറിയിച്ചു. ‘സര്‍ജിക്കല്‍ ഓപ്പറേഷന്‍’ കള്ളപ്പണക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുമ്പ് പ്രഖ്യാപിച്ചിരുന്നു.


അതേസമയം, പഴയ നോട്ടുകൾ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം. ബാങ്കിലും പോസ്റ്റ് ഓഫിസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. നിലവിലെ പഴയ നോട്ടുകള്‍ക്കു പകരം 500 ന്‍റെയും 2000ത്തിന്‍റെയും പുതിയ നോട്ടുകള്‍ ഇറക്കും. നാളെ എല്ലാ ബാങ്കുകളും അടച്ചിടും. രാജ്യത്തെ എല്ലാ എ.ടി.എമ്മുകള്‍ ഇന്നും നാളെയും അടച്ചിടും. മറ്റെന്നാള്‍ ചില എ.ടി.എമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കും. 


എടിഎമ്മുകളില്‍ നിയന്ത്രണം, ദിവസം 10,000 രൂപ മാത്രം, ആഴ്ചയില്‍ 20,000.72 മണിക്കൂര്‍ നേരത്തേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കും.പെട്രോള്‍ പമ്പുകളിലും  ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിനും 500, 1000 രൂപ നോട്ടുകള്‍ മൂന്നു ദിവസത്തേക്ക് ഉപയോഗിക്കാം. 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ ചെന്നാല്‍ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാം.


മന്ത്രിസഭാ യോഗത്തിനു ശേഷം. കള്ളപ്പണം ഇല്ലാതാക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കുറച്ചു ദിവസം ചെറിയ കഷ്ടതകള്‍ സഹിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. 


സ്വന്തം നേട്ടത്തിനായി ഒരു ചെറിയ വിഭാഗമാണ് അഴിമതി വ്യാപിപ്പിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ മുമ്പ് ഇന്ത്യ നൂറാം സ്ഥാനത്തായിരുന്നെങ്കില്‍ ഇപ്പോള്‍ 76ആം സ്ഥാനത്താണ്. വിദേശ ബാങ്കുകളിലുള്ള 1.25 ലക്ഷം കോടി കള്ളപ്പണം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരും.


അതേസമയം, ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍ബിഐ .കള്ളപ്പണത്തിനും ഭീകരതക്കുമെതിരായ ധീരവും ശക്തവുമായ നീക്കമാണ് ഇതെന്നും കള്ളപ്പണം തടയുന്നതിന് നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന തീരുമാനമാണിതെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു. 


കള്ളപ്പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി നേരത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പുതിയ 500, 1000, 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കും. പത്താം തീയതി മുതല്‍ ഇത് ലഭിക്കും. ആര്‍ബിഐ വ്യക്തമാക്കി.