ന്യൂഡൽഹി: ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കായി ബംഗാളിലെ സിംഗൂരില്‍ 1000 ഏക്കര്‍ ഭൂമി വിട്ട് നല്‍കിയ നടപടി സുപ്രീം കോടതി റദ്ദാക്കി.  2006ൽ ടാറ്റാ മോട്ടേഴ്സിന് വേണ്ടി ഇടത് സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയത് ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സ്വകാര്യ കമ്പനിയുടെ ആവശ്യപ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് അധികാരമില്ല.ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നല്‍കിയത് അതിശയിപ്പിക്കുന്ന നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.ഇതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ നടപടികളും കണ്ണിൽ പൊടിയിടുന്നതും പരിഹാസ്യവുമായിരുന്നുവെന്നും കോടതി വിലയിരുത്തി. മൂന്ന് മാസത്തിനകം കർഷകർക്ക് ഭൂമി വിട്ടുനൽകണമെന്നും കോടതി നിർദേശിച്ചു.


2006ലാണ് ഫാക്ടറിക്കായി ആയിരം ഏക്കർ ഭൂമി ടാറ്റാ ലിമിറ്റഡിന് ബുദ്ധദേവ് സർക്കാർ ഏറ്റെടുത്ത് നൽകിയത്. ഇതിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 2008ല്‍ നാനോ ഫാക്ടറി ഗുജറാത്തിലേക്ക് ടാറ്റ ഗ്രൂപ്പ് മാറ്റിസ്ഥാപിച്ചു.


മുഖ്യമന്ത്രി സ്ഥാനത്തെത്തിയ മമതാ ബാനര്‍ജി 2011 ല്‍ ടാറ്റക്ക് ഭൂമി വിട്ട് നല്‍കിയ നടപടി റദ്ദാക്കിയിരുന്നെങ്കിലും ടാറ്റ കമ്ബനി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടി. ഭൂമി ഏറ്റെടുക്കൽ താൽക്കാലികമായി ഹൈകോടതി മരവിപ്പിച്ചെങ്കിലും ചില സംഘടനകൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.