ABG Scam| ഒരു കണക്കുമില്ല, ആവിയായി പോയത് 23000 കോടി, എബിജി തട്ടിപ്പിൻറെ കാണാപ്പുറങ്ങൾ
28 ബാങ്കുകളിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കമ്പനി വായ്പ എടുത്തിട്ടുണ്ട്
മുംബൈ: ഒന്നും രണ്ടുമല്ല രാജ്യത്തെ 28 ബാങ്കുകളിൽ നിന്നായി എബിജി ഗ്രൂപ്പ് അടിച്ച് മാറ്റിയത് 23000 കോടിയാണ്. ദാഹേജിലെയും ഗുജറാത്തിലെയും കമ്പനിയുടെ കപ്പൽ നിർമ്മാണ കേന്ദ്രങ്ങൾ ചുറ്റിപ്പറ്റിയാവും ഇനി സി.ബി.ഐ അന്വേഷണം.
2019 നവംബർ 8-നാണ് കേസിൽ ആദ്യം പരാതി ലഭിക്കുന്നത്. പിന്നീട് 2020 മാർച്ച് 12-ന് സിബിഐ വിഷയത്തിൽ ചില വിശദീകരണങ്ങൾ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഓഗസ്റ്റിൽ ബാങ്ക് തെളിവടക്കം നിരത്തി പുതിയ പരാതി നൽകി. ഒന്നര വർഷത്തിലേറെ നീണ്ട "സൂക്ഷ്മപരിശോധന"ക്ക് ശേഷം, 2022 ഫെബ്രുവരി 7 ന് കേസിൽ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.
28 ബാങ്കുകളിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കമ്പനി വായ്പ എടുത്തിട്ടുണ്ട്. ഇതിൽ എസ്.ബി.ഐയിൽ നിന്ന് മാത്രം 2468.51 കോടി രൂപയാണ് കമ്പനി വായ്പ എടുത്തത്. 2012-17 കാലയളവിൽ കേസിലെ പ്രതികളും കമ്പനി ഡയറക്ടർമാരുമായ റിഷി അഗർവാൾ,സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവർ ചേർന്ന് ഇത്തരത്തിൽ സമാഹരിച്ച ഫണ്ട് വകമാറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് നടന്ന മുംബൈ ഓവർസീസ് ബ്രാഞ്ചിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് കമ്പനിയുടെ അക്കൗണ്ടുകൾ സൂക്ഷിച്ചിരുന്നത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ന്യൂഡൽഹിയിലെ കൊമേഴ്‌സ്യൽ ഫിനാൻസ് ബ്രാഞ്ച്, ന്യൂഡൽഹിയിലെ വാണിജ്യ ശാഖയായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നിവയുടെ ശാഖകളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഒാഡിറ്റിങ്ങിൽ കണ്ടെത്തിയിട്ടുണ്ട്.
മറ്റ് ബാങ്കുകളിൽ നിന്നും നഷ്ടമായ തുക
ഐസിഐസിഐ ബാങ്ക് (7,089 കോടി രൂപ), ഐഡിബിഐ ബാങ്ക് (3,634 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (1,614 കോടി രൂപ), പിഎൻബി (1,244 കോടി രൂപ), ഐഒബി (1,228 കോടി രൂപ) എന്നിവയാണ് പണം നഷ്ടമായ മറ്റ് ബാങ്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...