പട്‌ന: ബിഹാറില്‍ കനത്ത പ്രളയം. 13 ജില്ലകളിലായി 69.81 ലക്ഷം ജനങ്ങളെ പ്രളയം ബാധിക്കുകയും മരിച്ചവരുടെ എണ്ണം 56 ആവുകയും ചെയ്തു.  നിരവധി വീടുകളും, കെട്ടിടങ്ങളും,റോഡുകളും,പാലങ്ങളും പ്രളയത്തില്‍ ഒലിച്ചുപോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് അറാറിയ ജില്ലയെയാണെന്നു ദുരന്തനിവാരണ മാനേജ്‌മെന്റ് സ്‌പെഷല്‍ സെക്രട്ടറി അനിരുദ്ധ് കുമാര്‍ അറിയിച്ചു.  ഇന്നലെ രണ്ടാം തവണയും മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.  പ്രളയബാധിതര്‍ക്ക് ആവശ്യമായ എല്ലാ സാഹയവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വടക്കന്‍ ബിഹാറിലെ നദികളെല്ലാം അപകടകരമായ രീതിയില്‍ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേന ഹെലികോപ്ടറുകളും സൈന്യവും വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


പ്രളയത്തോടെ സംസ്ഥാനത്തെ റെയില്‍ ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.  കത്യാര്‍ കഴിഞ്ഞുള്ള വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള ട്രെയിനുകളെല്ലാം നിര്‍ത്തിവച്ചതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ മാത്രം 33 ട്രെയിനുകള്‍ റദ്ദാക്കി.