Hyderabad: തെലങ്കാനയിലെ ഹൈദരാബാദിലുള്ള ഒരു ആക്രിക്കടയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 11 തൊഴിലാളികൾ വെന്തുമരിച്ചു.  മരണപ്പെട്ട 11 പേരും ബീഹാര്‍ സ്വദേശികളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈദരാബാദിലെ ഭോയിഗുഡയില്‍ പുലര്‍ച്ചെയാണ് സംഭവം. അപകടസമയത്ത് 12 തൊഴിലാളികൾ കടയിലുണ്ടായിരുന്നു. ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്. 


വിവരമനുസരിച്ച്, ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ്  വന്‍ തീപിടുത്തമുണ്ടായത്.  
ജനസാന്ദ്രതയേറിയ ഭോയ്ഗുഡ പ്രദേശത്തെ ഐഡിഎച്ച് കോളനിക്ക് സമീപമുള്ള ഗോഡൗണിന്‍റെ മുകൾ നിലയിൽ ഉറങ്ങുകയായിരുന്ന 12 തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.  ഗോഡൗണിന്‍റെ താഴത്തെ നിലയില്‍ നിന്നും ആളിപ്പടര്‍ന്ന തീ വളരെ പെട്ടെന്ന്  കെട്ടിടമാകെ വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് എന്തെങ്കിലും മനസിലാകും മുന്‍പ് തീ അവരെ വിഴുങ്ങിക്കളഞ്ഞു.


Also Read:    Crime News: 2 മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം മൈക്രോവേവ് ഓവനില്‍, മുഖ്യപ്രതി അമ്മയെന്ന് പോലീസ്


ഹൃദയഭേദകമായ ഈ സംഭവത്തിൽ 11 തൊഴിലാളികളാണ് വെന്തുമരിച്ചത്. ഈ തൊഴിലാളികളെല്ലാം ബിഹാർ സ്വദേശികളായിരുന്നു.


തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ ഉടൻതന്നെ  പോലീസിൽ വിവരമറിയിക്കുകയായിരുന്നു.  തുടർന്ന് നിരവധി ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി, മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 


ഇതുവരെ 11 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും അവയെല്ലാം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ  ഗോഡൗണിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. അയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.


ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെനന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. 


തൊഴിലാളികളുടെ മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, സംഭവത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ ബീഹാറില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താനുള്ള നിര്‍ദ്ദേശവും ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.