ന്യൂഡല്‍ഹി: പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍സെക്യുറില്‍ നിന്നും 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷണംപോയി. ഇന്ത്യയില്‍ ആദ്യമായാണ് ഡിജിറ്റൽ പണമായ ക്രിപ്‌റ്റോ കറന്‍സിയുടെ ഇത്രയും വലിയ തുക മോക്ഷണം പോകുന്നത്. രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുള്ള കമ്പനിയില്‍ നിന്നുമാണ് ബിറ്റ്കോയിനുകള്‍ അപ്രത്യക്ഷമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചില്‍ നിന്നും 440 ബിറ്റ്‌കോയിനുകള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ഐപിസി, ഐടി നിയമം തുടങ്ങിയവ പ്രകാരം കേസെടുത്തു.


തിങ്കളാഴ്ചയാണു ബിറ്റ്കോയിനുകൾ നഷ്ടപ്പെട്ട വിവരം കമ്പനി അറിഞ്ഞതെന്നാണു പരാതിയിൽ പറയുന്നത്. കമ്പനി സൂക്ഷിച്ച പാസ്‍വേഡുകൾ ഓൺലൈനിലൂടെ ചോർത്തിയെടുതാണ് ഓഫ്‍ലൈനായി സൂക്ഷിച്ചിരുന്ന ബിറ്റ്കോയിനുകൾ കവർന്നത്.


വാലറ്റിലെ വിവരങ്ങൾ (ഡേറ്റാ ലോഗ്സ്) എല്ലാം മായ്ക്കപ്പെട്ടിരുന്നതിനാൽ ഹാക്കര്‍മാരെ കണ്ടെത്താനോ ബിറ്റ് കോയിനുകള്‍ എവിടെക്കാണ് മാറ്റിയതെന്ന് കണ്ടെത്താനോ കമ്പനിയ്ക്ക് സാധിച്ചില്ല. 


മോഷണം നടന്നതായി സ്ഥിരീകരിച്ച കമ്പനി വെബ്സൈറ്റിന്‍റെ പ്രവർത്തനം നിർത്തിവച്ചു. സ്ഥാപനത്തിന് അകത്തുള്ളവരെയാണു സംശയിക്കുന്നതെന്നു സിഇഒ മോഹിത് കൽറ പറഞ്ഞു.


അടുത്തിടെ, ബിറ്റ്കോയിനുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്രയിൽ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ ഗെയ്ൻ ബിറ്റ്കോയിൻ എന്ന കമ്പനിയുടെ ഡയറക്ടറും സഹോദരനും അറസ്റ്റിലായിരുന്നു.


ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്തരുതെന്നു കേന്ദ്രസർക്കാരും ആർബിഐയും പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഒരു രാജ്യത്തെയും കേന്ദ്രബാങ്കിന്‍റെ അംഗീകാരമില്ലാതെ ഇടപാടു നടത്തുന്നവയാണു നിലവിലുള്ള എല്ലാ ക്രിപ്റ്റോ കറൻസിയും.