കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ പശ്ചിമ ബംഗാള്‍ ബിജെപി ഉപാദ്ധ്യക്ഷന് തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദനം.


COMMERCIAL BREAK
SCROLL TO CONTINUE READING

പശ്ചിമ ബംഗാള്‍ ബിജെപി ഉപാദ്ധ്യക്ഷന്‍ ജയ് പ്രകാശ് മജുംദാറിനെ കൂട്ടംചേര്‍ന്ന് ആക്രമിച്ച തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ചവിട്ടിവീഴ്ത്തി സമീപത്തെ കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു.


വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം സംബന്ധിച്ച വീഡിയോ പുറത്തു വിട്ടത്. വീഡിയോയില്‍, തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ വലിച്ചിഴച്ച്‌ കാറില്‍ നിന്ന് ഇറക്കിയ ശേഷം റോഡില്‍ നിന്ന് അടിക്കുന്നത് കാണാം. സ്ഥലത്തുണ്ടായിരുന്ന പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് അക്രമികളെ പിന്തിരിപ്പിച്ചത്. 


തിങ്കളാഴ്ച കരിംപൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ ജയ് പ്രകാശ് മജുംദാര്‍ ഒരു പോളിംഗ് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സംഭവമെന്ന് പറയപ്പെടുന്നു. 


അതേസമയം, തൃണമൂല്‍ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജയ് പ്രകാശ് മജുംദാര്‍ ആരോപിച്ചു. പ്രദേശത്ത് ഒത്തുകൂടിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാജ വോട്ടുചെയ്യാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് എന്നെ നിരാശനാക്കില്ലെന്നും എല്ലാ ബൂത്തുകളും ഞാന്‍ തുടര്‍ന്നും സന്ദര്‍ശിക്കുമെന്നും മജുംദാര്‍ പറഞ്ഞു.


എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് തൃണമൂല്‍ രംഗത്തെത്തി. ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, പ്രദേശത്ത് സംഘര്‍ഷാവസ്ഥയുടെ അന്തരീക്ഷം ബിജെപി നേതാവ് സൃഷ്ടിച്ചതിനാല്‍ നാട്ടുകാര്‍ ആക്രമിച്ചതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നാദിയ ജില്ലാ നേതൃത്വം അറിയിച്ചു. 


അതേസമയം, സംഭവത്തെക്കുറിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 



ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കരീംപുര്‍ മണ്ഡലത്തിലാണ് ബിജെപി. സംസ്ഥാന ഉപാദ്ധ്യക്ഷനായ ജോയ് പ്രകാശ് മജുംദാര്‍ മത്സരിക്കുന്നത്. കരീംപൂരിന് പുറമെ ഖരഗ്പൂര്‍ സര്‍ദാര്‍, കലിയഗഞ്ച് എന്നീ നിയമസഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.