വർക്കല: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ശിവഗിരി മഠത്തിലെത്തി. ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയോടൊപ്പമാണ് അമിത് ഷാ മഠം സന്ദർശിക്കാനെത്തിയത്.മഠത്തിലെ മഹാസമാധിയിൽ അമിത് ഷാ പുഷ്പാർച്ചന നടത്തി. അധികൃതരുമായി അൽപനേരം കൂടിക്കാഴ്ച നടത്തി. ബി.ജെ.പി സംസ്ഥാന സമിതിയോഗത്തിനായി ഇന്ന് രാവിലെ തലസ്ഥാനത്തെത്തിയ അദ്ദേഹം  ഉച്ചക്ക് ഒന്നരയോടെയാണ്  മഠത്തിലെത്തിയത്.


സന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്ന് സ്വാമി ശിവഗിരി മഠം ജനറൽ സെക്രട്ടറി ഋതംബരാനന്ദ പിന്നീട് അറിയിച്ചു. മഠത്തിന്‍റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പദ്ധതികൾ അമിത് ഷായുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അതേക്കുറിച്ചാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.എസ്.എന്‍.ഡി.പി യോഗവും ശിവഗിരി മഠവും തമ്മിലെ അകല്‍ച്ച പരിഹരിക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ശിവഗിരിയിലെത്തുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, അമിത് ഷാ ശിവഗിരിയിലത്തെുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ ഉള്ളൂവെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തെ ഉചിതമായി സ്വീകരിക്കുമെന്നുമായിരുന്നു മഠം അധികൃതരുടെ നിലപാട്.