ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അകാല വിയോഗത്തോടെ ഉയര്‍ന്ന അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരമായി!!


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സഖ്യ കക്ഷികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെതന്നെ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ സഖ്യകക്ഷികളുമായി അര്‍ദ്ധരാത്രിയില്‍ തന്നെ ബിജെപി നേതാക്കള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.


ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഗോവ സ്പീക്കര്‍ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നാണ്. 2 മണിയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും 3 മണിക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 


മനോഹര്‍ പരീക്കറെപോലെ സര്‍വ്വ സമ്മതനായ ഒരു നേതാവിനെ കണ്ടെത്താനുള്ള തിരക്കിലായിരുന്നു പാര്‍ട്ടി നേതൃത്വം. അതനുസരിച്ചാണ് മഹാരാഷ്ട്ര ഗോമാന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ ഫോര്‍വാഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുമായിട്ടാണ് ചര്‍ച്ച നടന്നത്. എന്നാല്‍, ബിജെപി ആഗ്രഹിച്ചത്, പുതിയ മുഖ്യമന്ത്രി ആരായാലും ബിജെപിയില്‍ നിന്നുതന്നെ വേണമെന്നാണ്. അതനുസരിച്ചാണ് സ്പീക്കറെ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.  
 
രണ്ട് ബിജെപി എം.എല്‍.എമാര്‍ രാജിവച്ചതും, ഡിസൂസയും പരീക്കറും മരണപ്പെട്ടതും മൂലം ഗോവ നിയമസഭയിലെ എം.എല്‍.എമാരുടെ പ്രാതിനിധ്യം ഇപ്പോള്‍ 36 മാത്രമാണ്. ഗോവയിലെ നിലവിലെ കക്ഷിനില ഇപ്രകാരമാണ്.  കോണ്‍ഗ്രസിന് 14, ബിജെപി 12, എന്‍സിപി 1, മഹരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) 3, ഗോവ ഫോർവേർഡ് പാർട്ടി (ജി.എച്ച്.പി) 3, കൂടാതെ 3 സ്വതന്ത്ര എംഎൽഎമാരുമുണ്ട്.


നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 19 സീറ്റാണ് ആവശ്യം. അത് ബിജെപിയെ സംബന്ധിച്ചിടത്തോളം കൈവശമുണ്ട്.