മുംബൈ: സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് അടിയന്തിര യോഗം ചേരാന്‍ BJP നേതൃത്വം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവർണറുടെ ക്ഷണം സംബന്ധിച്ച് ബിജെപിയുടെ തീരുമാനം എന്തായിരിക്കുമെന്ന് പാർട്ടി നേതാക്കളുടെ യോഗത്തിൽ തീരുമാനിക്കുമെന്നാണ് സൂചന. 
 
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ BJPയെ സര്‍ക്കാരുണ്ടാക്കാന്‍ ശനിയാഴ്ച ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി  ക്ഷണിക്കുകയായിരുന്നു. രൂപീകരണത്തിനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ കാവല്‍ മുഖ്യമന്ത്രിയും BJP  നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസിനെ ക്ഷണിച്ചത്.


അതേസമയം, സര്‍ക്കാര്‍ രൂപീകരിച്ച്, തിങ്കളാഴ്ച രാത്രി എട്ടുമണിക്കകം ഭൂരിപക്ഷം തെളിയിക്കുകയും വേണം. ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാനാവാത്ത സാഹചര്യത്തില്‍ BJPയെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തെളിയിക്കുക നിലവില്‍ ദുഷ്കരമാണ്.  


നിയമസഭ തിരഞ്ഞെടുപ്പില്‍ BJP നേടിയിരിക്കുന്നത് 105 സീറ്റാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായത് 145 അംഗങ്ങളുടെ പിന്തുണയും. ശിവസേനയ്ക്കാവട്ടെ, 56 സീറ്റുമുണ്ട്. ശിവസേന വഴങ്ങാതെ BJPയ്ക്ക് ഭരണം പിടിക്കാനാവില്ല എന്നത് വ്യക്തമാണ്‌.
ഈയവസരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ BJP എന്ത് തീരുമാനിക്കുമെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. 


5 വര്‍ഷവും ദേവേന്ദ്ര ഫഡ്നവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന BJPയുടെ നിലപാടും ആദിത്യ താക്കറേയെ  മുഖ്യമന്ത്രിയാക്കാന്‍ മറ്റു വഴികള്‍ നോക്കുമെന്ന് പറഞ്ഞ ഉദ്ധവ് താക്കറേയുടെ നിലപാടുമാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.


ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാക്കനുസരിച്ചു എല്ലാ കാര്യത്തിലും 50:50 ഫോര്‍മുല പ്രാവര്‍ത്തികമാക്കണമെന്ന നിബന്ധനയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് ശിവസേന. അതില്‍ 2.5 വര്‍ഷം വീതം ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ മുഖ്യമന്ത്രി പദവിയിലിരിക്കുമെന്ന വാഗ്ദാനവുമുണ്ട്. എന്നാല്‍, BJPയാകട്ടെ അത്തരമൊരു "വാക്ക്" ശിവസേനയ്ക്ക് നല്‍കിയതായി ഓര്‍മ്മിക്കുന്നുമില്ല.
 കൂടാതെ, അടുത്ത 5 വര്‍ഷത്തേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് ആയിരിക്കുമെന്ന് BJP  പ്രസ്താവിക്കുകയും ചെയ്തു.


അതേസമയം, BJPയ്ക്കു തനിച്ചു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വമ്പന്‍ അവകാശവാദവുമായി ശിവസേന രംഗത്തിറങ്ങിയത് എന്നും വിലയിരുത്തപ്പെടുന്നു.


288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുള്ള BJPയാണ് ഏറ്റവും വലിയ പാര്‍ട്ടി. ശിവസേന 56, NCP  54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണു കക്ഷിനില.