ജയ്‌പൂര്‍: പാര്‍ട്ടി ശക്തിപ്പെട്ടതോടെ നേതാക്കളുടെ എണ്ണവും വര്‍ദ്ധിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാനാകാതെ വലയുകയാണ് രാജസ്ഥാനില്‍ ബിജെപി നേതാക്കള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, നിരവധി നേതാക്കളാണ് പറ്റി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും സീറ്റ് കൈവശപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. 


ആദ്യ പട്ടികയിൽ 25 സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ച ബിജെപി രണ്ടാം ഘട്ടത്തില്‍ 15 പേര്‍ക്കാണ് അവസരം നല്‍കേണ്ടന്ന് തീരുമാനിച്ചത്. സ്ഥാനാര്‍ഥിത്വം കിട്ടാത്തവര്‍ പാര്‍ട്ടി വിടുന്നുവെങ്കിലും ബിജെപി ഇതു കാര്യമാക്കുന്നില്ല. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ വലം കൈയായ മന്ത്രി യൂനുസ് ഖാൻ രണ്ടാം പട്ടികയിലും ഇടം പിടിച്ചില്ല.


രണ്ടാം സ്ഥാനാർത്ഥി പട്ടിക കൂടി പുറത്ത് വന്നപ്പോൾ 6 മന്ത്രിമാരടക്കം 40 എംഎല്‍എമാര്‍ക്കാണ് ബിജെപി രാജസ്ഥാനിൽ സീറ്റ് നിഷേധിച്ചിരിക്കുന്നത്. അൽവാറിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച എം എൽ എ ഗ്യാന്‍ ദേവ് അഹുജ അടക്കമുള്ളവരാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് പുറത്തായത്. 


പശുക്കടത്ത് ആരോപിച്ച് അൽവാറിൽ നടന്ന ആള്‍ക്കൂട്ട കൊലപതകത്തെയാണ് അഹൂജ ന്യായീകരിച്ചത്. കൂടാതെ, പശുക്കടത്തു നടത്തുന്നവരെ കൊല്ലണമെന്ന് വിവാദ പ്രസ്താവനയും നടത്തിയിരുന്നു. പശുക്കടത്ത് ആരോപിച്ച് രക്ബര്‍ ഖാനെയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയപ്പോഴും പ്രതികളെ പിന്തുണച്ച അഹുജ പൊലീസിനെതിരെ ആരോപണവുമായി രംഗത്തു വന്നിരുന്നു. ഇതെല്ലാമാണ്, തുടര്‍ച്ചയായ രണ്ടും വട്ടം രാംഘട്ടിൽ നിന്ന് നിയമസഭയിലെത്തിയ അഹുജയ്ക് ഇത്തവണ സീറ്റ് നല്‍കേണ്ടെന്ന് ബിജെപി തീരുമാനിക്കാന്‍ കാരണം. 


ബിജെപി രണ്ടു ഘട്ടങ്ങളിലായി ഇതുവരെ 162 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 


200 അംഗ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 7ന് നടക്കും. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.