അഗർത്തല: ഇടതുപക്ഷത്തിന്‍റെ ഉരുക്ക് കോട്ടയായ ത്രിപുര പിടിക്കാനുള്ള അമിത് ഷായുടെ ശ്രമങ്ങൾക്ക് ശക്തി പകർന്ന് ആറ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. സുദീപ് റോയ് ബർമൻ, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്ഹോൾ, ബിശ്വ ബന്ദു സെൻ, പ്രൻജിത് സിങ് റോയ്, ദിലീപ് സർക്കാർ എന്നിവരാണ് ബിജെപിയിൽ ചേർന്ന തൃണമൂൽ എംഎൽഎമാർ. തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുടെ നിർദ്ദേശം മറികടന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിന് വോട്ടു ചെയ്തതിന് പിന്നാലെയാണ് ഇവര്‍ ബിജെപി പാളയത്തിലേക്ക് കൂറുമാറിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം മൽസരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നവരാണ് ഈ എംഎൽഎമാർ. ഇതില്‍ അഞ്ച് പേർ നേരത്തേ തന്നെ ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ത്രിപുരയിൽ പാർട്ടി നേതൃത്വവുമായി വിഘടിച്ചു നിൽക്കുന്ന ഒരു കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേരുമെന്ന് സൂചനയുണ്ട്. 60 അംഗ ത്രിപുര നിയമസഭയിൽ ഇടതുപക്ഷത്തിന് 50ഉം കോൺഗ്രസിന് നാലും സീറ്റുകളാണുള്ളത്.


സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഇതുവരെ ഒരു സീറ്റുപോലും ലഭിച്ചിട്ടില്ലാത്ത ബിജെപിക്ക് ഒറ്റയടിക്ക് ആറ് എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിക്കാനായത് അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ ഊർജ്ജമാകും. 2018ൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ത്രിപുര, അധികാരം പിടിക്കാൻ ബിജെപി ലക്ഷ്യമിട്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. കഴിഞ്ഞ 24 വർഷമായി ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനമാണിത്. സിപിഎം നേതാവ് മണിക് സർക്കാരാണ് 1998 മുതൽ ഇവിടുത്തെ മുഖ്യമന്ത്രി.