ലഖ്നൗ: ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതനായ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച, (സെപ്റ്റംബര്‍ 20) രാവിലെ പ്രത്യേക അന്വേഷണ സംഘമാണ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വാമിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 


73കാരനായ സ്വാമി മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകും വഴിയാണ് പൊലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. 


ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ 13 മുതല്‍ സ്വാമി വീട്ടുതടങ്കലിലായിരുന്നു. ഒപ്പം, നെഞ്ചുവേദനയെത്തുടര്‍ന്ന് സ്വാമി ആശ്രമത്തില്‍തന്നെ വിദഗ്ധ ചികിത്സ തേടിവരികയുമായിരുന്നു. ആശ്രമത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു ടീമായിരുന്നു സ്വാമി ചിന്മയാനന്ദിനെ പരിചരിച്ചിരുന്നത്.


സ്വാമി ചിന്മയാനന്ദ്‌ ഡയറക്ടറായുള്ള, സ്വാമി സുഖ് ദേവാനന്ദ് ലോ കോളേജിലെ നിയമ വിദ്യാര്‍ഥിനിയാണ് സ്വാമിയ്ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരിക്കുന്നത്.


പെണ്‍കുട്ടി സ്വാമിയ്ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് നിരവധി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഇതിനിടെ പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണ്മാനില്ല എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. സ്വാമി ചിന്മയാനന്ദിനെതിരെ നടപടി കൈകൊള്ളണമെന്ന് പ്രധാനമന്ത്രിയോടും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തശേഷം പെണ്‍കുട്ടി രാജസ്ഥാനിലെ ജോധ്പൂര്‍ സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.


തുടര്‍ന്ന് സ്വന്തം സ്വന്തം നാടായ ഷാജഹാൻപൂരിലേയ്ക്ക് മടങ്ങിപോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. തുടര്‍ന്നാണ് കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായകമായ ഇടപെടല്‍ ഉണ്ടാവുന്നത്. 


സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘ൦ നിയോഗിക്കപ്പെടുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 10ന് പ്രത്യേക അന്വേഷണ സംഘ൦ സ്വാമിയുടെ ആശ്രമത്തിലെത്തി തെളിവെടുപ്പ് നടത്തുകയും പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് നടത്തുകയും ചെയ്തിരുന്നു.


സ്വാമി ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതി. കൂടാതെ, ഗൂഡമായി ചിത്രീകരിച്ച 43 വീഡിയോകളാണ് തെളിവായി പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്‌.


സ്വാമി ചിൻമയാനന്ദ് വാജ്‌പേയി മന്തിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു.