കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത് കോണ്‍ഗ്രസിന്റെ അതേ മാര്‍ഗ്ഗമെന്ന് മായാവതി
ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ അതേ പാതയാണ് പിന്തുടരുന്നതെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി.
ലഖ്നൗ: ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ അതേ പാതയാണ് പിന്തുടരുന്നതെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി.
കേന്ദ്രസര്‍ക്കാറിന്‍റെ തെറ്റായ നയങ്ങള്‍ രാജ്യത്തെ ക്രമസമാധാനം തകര്‍ത്തുവെന്നും മായാവതി പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നയങ്ങള്‍ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതും ക്രമസമാധാനം തകര്‍ക്കുന്നതാണെന്നും മായാവതി പറഞ്ഞു.
മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മുതലാളിമാര്‍ക്ക് വേണ്ടിയാണ്. തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങി നിരവധി പ്രശ്‌നങ്ങളാല്‍ രാജ്യം വലയുകയാണ്. ഈ അവസരത്തില്‍ NRCയും NPR ഉം നടപ്പാക്കുമെന്ന ബിജെപിയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം. കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ബിജെപി സര്‍ക്കാറുകള്‍ പാവങ്ങള്‍ക്ക് എതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും തൊഴിലില്ലായ്മയും വ്യാപിപ്പിക്കുക മാത്രമാണ് ബിജെപി ചെയ്യുന്നതെന്നും മായാവതി പറഞ്ഞു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഉത്തര്‍ പ്രദേശ് പൊലീസ് നടപടിക്കെതിരെയും മായാവതി ആഞ്ഞടിച്ചു. യോഗി ആദിത്യനാഥ് പാര്‍ട്ടി രാഷ്ട്രീയത്തിലുള്ള ശ്രദ്ധ കുറച്ച് സംസ്ഥാനത്തെ ക്രമസമാധാന പാലനം മെച്ചപ്പെടുത്തണമെന്നും മായാവതി പറഞ്ഞു.