Uttarakhand | ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; മരണം 12 ആയി
12 മൃതദേഹങ്ങൾ കണ്ടെടുത്തു, ആറ് പേരെ രക്ഷപ്പെടുത്തി, നാല് പേർക്കായി തിരച്ചിൽ തുടരുന്നുവെന്നും അധികൃതർ വ്യക്തമാക്കി
ഹർഷിൽ: ലംഖാഗ ചുരത്തിന് (Lamkhaga Pass) സമീപം കാണാതായ രണ്ട് ട്രക്കിങ് സംഘത്തിലുള്ള 12 പേർ മരിച്ചു. 12 മൃതദേഹങ്ങൾ കണ്ടെടുത്തു, ആറ് പേരെ രക്ഷപ്പെടുത്തി, നാല് പേർക്കായി തിരച്ചിൽ തുടരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ചിത്കുളിനെ ഉത്തരാഖണ്ഡിലെ (Uttarakhand) ഉത്തരകാശി ജില്ലയിലെ ഹർഷിലുമായി ബന്ധിപ്പിക്കുന്ന ലംഖാഗ ചുരത്തിനടുത്തുള്ള ട്രക്കിങ് റൂട്ടിലാണ് സംഘം വഴിതെറ്റിപ്പോയത്. രണ്ട് ട്രക്കിങ് സംഘങ്ങളാണ് വഴിതെറ്റിപ്പോയത്.
രണ്ട് സംഘങ്ങളിലായി 22 പേരാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ വ്യോമസേന എത്തിയിരുന്നു. രണ്ട് ഹെലികോപ്ടറുകളിലായാണ് തിരച്ചിൽ നടത്തിയത്. മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാൾ സ്വദേശികളായ അനിതാ റാവത്ത് (38), തൻമയ് തിവാരി (30), വികാസ് മകൽ (33), സൗരഭ് ഗോഷ് (34), ശുഭൻ ദാസ് (28), റിച്ചാർഡ് മണ്ഡൽ (31), ഉപേന്ദർ (22) എന്നിവരാണ് മരിച്ചത്.
രക്ഷാപ്രവർത്തനത്തിനായി 32 പോലീസ്/ഐടിബിപി ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിലും ഈ ആഴ്ച ആദ്യം കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇന്നലെ വൈകുന്നേരം വരെ ലഭിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 64 ആയി ഉയർന്നു, 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...