Shocking News: കാമുകിയുമായി വാക്കുതർക്കം, ഒടുവിൽ തലയ്ക്ക് വെട്ടി; ശേഷം ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ
ലാപ്ടോപ് മടക്കിത്തരാമെന്ന് പറഞ്ഞാണ് യുവാവ് പെൺകുട്ടിയെ മാർത്താണ്ഡത്ത് വിളിച്ചുവരുത്തുന്നത്. ശേഷമുണ്ടായ വാക്കുതർക്കത്തിനിടെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു
കമിതാക്കൾക്ക് ഇടയിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ കാമുകിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കന്യാകുമാരിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി ബർജിൻ ജോഷ്വ എന്ന വിദ്യാർത്ഥിയാണ് മടിച്ചൽ സ്വദേശി ഡെനീഷ്യ എന്ന പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. മാർത്താണ്ഡത്തിന് സമീപമുള്ള സ്വകാര്യ കോളേജിൽ ഒരുമിച്ച് പഠിക്കുന്നവരാണ് ഇരുവരും. ഇരുവരും തമ്മിൽ അടുപ്പത്തിൽ ആയിരുന്നുവെന്നും രണ്ട് മാസം മുൻപ് പെൺകുട്ടി അതിൽ നിന്നും പിന്മാറിയിരുന്നതായും പോലീസ് പറഞ്ഞു.
ഡാൻ നിഷ സംസാരിക്കാതെയായതോടെ മനോവിഷമത്തിൽ ആയിരുന്ന ബർജിൻ പെൺകുട്ടിയെ തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് മടക്കിത്തരാമെന്ന് പറഞ്ഞ് മാർത്താണ്ഡത്ത് വിളിച്ചുവരുത്തുകയായിരുന്നു. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. അതിനിടെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് പെൺകുട്ടിയെ വെട്ടുകയായിരുന്നു. ഡെനീഷ്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ബർജിൻ ബൈക്കുമായി സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞു. ശേഷം റെയിൽവേ ട്രാക്കിന് സമീപം എത്തി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം നാട്ടുകാർ പെൺകുട്ടിയെ കുഴിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടിയെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് സാരമായി പരിക്കേറ്റ ഡെനീഷ്യ ചികിത്സയിലാണ്. സംഭവത്തിൽ മാർത്താണ്ഡം പോലീസ് അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...