ഡല്‍ഹി : ബ്രിട്ടണിലെ ഹിതപരിശോധന ഫലത്തില്‍ ലോകവിപണി ആശങ്കയില്‍. ഏഷ്യന്‍ വിപണിയുടെ ചുവട് പിടിച്ച് യൂറോപ്യന്‍ വിപണിയും നഷ്ടത്തിലാണ്. അതേസമയം, ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളെ നേരിടാന്‍ ഇന്ത്യ തയ്യാറെടുത്തതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തികാടിത്തറ ശക്തമാണെന്ന് ഇരുവരും വ്യക്തമാക്കി.ബ്രെക്‌സിറ്റ് ഫലം ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടേത് ശക്തമായ സാമ്പത്തിക അടിത്തറയാണെന്നും അതുകൊണ്ട് തന്നെ ബ്രെക്‌സിറ്റ് ഫലത്തിന്‍റെ ആദ്യ ആശങ്ക പിന്നിട്ടാല്‍ പൂര്‍വ്വാവസ്ഥയിലേക്ക് കരകയറാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു സാധിക്കുമെന്നും ഇന്ത്യന്‍ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്നു എന്ന ആദ്യഫല സൂചനകള്‍ക്ക് മുമ്പ് തന്നെ ഏഷ്യന്‍ വിപണി നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആഗോളസമ്പദ് വ്യവസ്ഥയ്ക്ക് പ്രതികൂലമാകുന്ന ഫലമായിരിക്കും ബ്രിട്ടണില്‍ നിന്നും ഉണ്ടാകുക എന്ന മുന്നറിയിപ്പുകളാണ് ഏഷ്യന്‍ വിപണികളെ സ്വാധീനിച്ചത്. തുടര്‍ന്ന് ഏഷ്യന്‍ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ വികസിത രാജ്യമായ ജപ്പാനിലെ നിക്കി സൂചിക കൂപ്പുകൂത്തി.2011 നുശേഷം ഒരു വ്യാപാരദിനത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവിനാണ് നിക്കി ഇന്ന് സാക്ഷ്യം വഹിച്ചത്. 7.9 ശതമാനം നഷ്ടമാണ് നിക്കി സൂചിക രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ ജപ്പാന്‍ നാണയമായ യെന്നിലേക്ക് നിക്ഷേപം മാറ്റിയതാണ് ഇതിന് കാരണം.


യെന്‍ കരുത്താര്‍ജിച്ചപ്പോള്‍ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഇന്ത്യോനേഷ്യ, മലേഷ്യ കറന്‍സികള്‍ നഷ്ടം നേരിട്ടു. ചൈനയിലെ ഷാങ്ഹായ്, മനില, ജക്കാര്‍ത്ത ഓഹരികളും ഹിതപരിശോധന ഫലത്തിന്‍റെ  ചുവട് പിടിച്ച് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഷാങ്ഹായ് ഓഹരി വിപണിയില്‍ 1.4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ചുവട് പിടിച്ച് യൂറോപ്യന്‍ വിപണികളും നഷ്ടം രേഖപ്പെടുത്തിയത് ആഗോളവിപണികളില്‍ ആശങ്കയ്ക്ക് ഇടയാക്കി. ഹിതപരിശോധനാ ഫലം ആഗോള സമ്പദ് വ്യവസ്ഥയില്‍ സ്യഷ്ടിക്കാന്‍ പോകുന്ന ആഘാതം സംബന്ധിച്ച ആശയകുഴപ്പം ലോകവിപണിയില്‍ നിഴലിച്ചു.