Budget 2022 | റെയിൽവേയ്ക്കായി കേന്ദ്രം ബജറ്റിൽ ഒരുക്കിയിരിക്കുന്നതെന്ത്
2022 സാമ്പത്തിക വർഷത്തിലെ കണക്കുകളിൽ റെയിൽവേ 20 ശതമാനം വർധനവ് രേഖപ്പെടുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ 2022ലെ ബജറ്റ് അവതരിപ്പിക്കും. ഇന്ത്യൻ റെയിൽവേയ്ക്ക് മികച്ച പരിഗണന ലഭിക്കുമെന്നാണ് വിലയിരുത്തൽ. റെയിൽവേക്കുള്ള ബജറ്റ് വിഹിതത്തിൽ വലിയ ഉയർച്ച കാണാനിടയുണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിലെ കണക്കുകളിൽ റെയിൽവേ 20 ശതമാനം വർധനവ് രേഖപ്പെടുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
റെയിൽവേയെ നവീകരിക്കാനും വേഗതയേറിയതും പുതിയതുമായ ട്രെയിനുകൾ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വർഷം റെയിൽവേയ്ക്കായി വകയിരുത്തിയത് ഒരു ലക്ഷം കോടിയിലധികം രൂപയായിരുന്നു. ഈ വർഷം ഇത് കൂടുതലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ലെ കേന്ദ്ര ബജറ്റിൽ റെയിൽവേ ബജറ്റ് ലയിപ്പിച്ചതിന് ശേഷമുള്ള ആറാമത്തെ സംയുക്ത ബജറ്റാണിത്.
ട്രാക്കുകളിൽ വൈദ്യുതീകരണം
റിപ്പോർട്ടുകൾ പ്രകാരം, 2023 ഓടെ 100 ശതമാനം വൈദ്യുതീകരണം കൈവരിക്കുന്നതിന് 7,000 കിലോമീറ്റർ റെയിൽ പാതയുടെ വൈദ്യുതീകരണം പൂർത്തിയാക്കേണ്ടി വരും. ഇടത്തരക്കാർക്കും ചെറിയ വരുമാനമുള്ളവർക്കും റെയിൽവേ ബജറ്റ് വളരെ പ്രധാനമാണ്. രാജ്യത്തിന്റെ ജീവനാഡിയാണ് റെയിൽവേ. കൂടാതെ, മെട്രോ നഗരങ്ങളെ ഇന്ത്യയിലെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന കൂടുതൽ പാതകളും ട്രെയിനുകളും കേന്ദ്രം പ്രഖ്യാപിച്ചേക്കും.
പുതിയ ബുള്ളറ്റ് ട്രെയിനുകൾ പ്രഖ്യാപിച്ചേക്കും
ന്യൂഡൽഹിക്കും വാരാണസിക്കും ഇടയിൽ ബുള്ളറ്റ് ട്രെയിൻ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇതോടൊപ്പം ഡൽഹിക്കും ഹൗറയ്ക്കുമിടയിൽ അധിക ബുള്ളറ്റ് ട്രെയിനും പ്രഖ്യാപിച്ചേക്കും. അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കൂടാതെ, സെമി ഹൈസ്പീഡ് ട്രെയിനുകളും കേന്ദ്രം പ്രഖ്യാപിച്ചേക്കും.
വടക്കുകിഴക്കൻ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും
റെയിൽവേ ബജറ്റിൽ, വടക്കുകിഴക്കൻ മേഖലയിലെ റെയിൽ ശൃംഖലയുടെ വിപുലീകരണത്തിലും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഈസ്റ്റ് കോസ്റ്റ്, ഈസ്റ്റ്-വെസ്റ്റ്, നോർത്ത്-സൗത്ത് തുടങ്ങിയ റൂട്ടുകൾക്കായി പുതിയ ഡിഎഫ്‌സി ഇടനാഴികൾ നിർമ്മിക്കാനുള്ള പദ്ധതി കഴിഞ്ഞ ബജറ്റിലും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മണിപ്പൂർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി മണിപ്പൂരിലെ തമെങ്‌ലോംഗ് ജില്ലയിലെ റാണി ഗൈഡിൻലിയു റെയിൽവേ സ്റ്റേഷനിൽ ഒരു ഗുഡ്‌സ് ട്രെയിൻ സർവീസ് നടത്തിയിരുന്നു. വടക്കുകിഴക്കൻ മേഖലയിലെ വിവിധ റെയിൽ പദ്ധതികൾക്കായി ഈ വർഷം 7,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...