മധ്യപ്രദേശ്, മിസോറം തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
മധ്യപ്രദേശ്, മിസോറം നിയമസഭ തിരഞ്ഞെടുപ്പുകളുടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
ന്യൂഡല്‍ഹി: മധ്യപ്രദേശ്, മിസോറം നിയമസഭ തിരഞ്ഞെടുപ്പുകളുടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.
ഇന്‍ഡോറില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയോടെയാണ് പാര്‍ട്ടിയുടെ മധ്യപ്രദേശ് തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം. അവസാനവട്ട പ്രചാരണം നടക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങളുടെ പെരുമഴയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ ശക്തമായി പ്രചാരണ രംഗത്തുണ്ട്. മുഖ്യമന്ത്രി ഒറ്റയ്ക്കാണ് ഇത്തവണ പ്രചാരണം നയിച്ചത്. സംസ്ഥാനത്ത് 10 റാലികളില്‍ മാത്രമാണ് നരേന്ദ്ര മോദി പങ്കെടുത്തത്.
പതിനഞ്ചു വര്‍ഷമായി മുഖ്യമന്ത്രിക്കസേര കൈയടക്കി വാഴുന്ന ചൗഹാന്‍ കോണ്‍ഗ്രസിനെതിരേയും വാളോങ്ങാന്‍ മറന്നില്ല. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്നത് കോണ്‍ഗ്രസിന് ഒട്ടും സഹിക്കാന്‍ കഴിയുന്നില്ലെന്നും ഈ അസഹിഷ്ണുത കോണ്‍ഗ്രസ് ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്നും ചൗഹാന്‍ ആരോപിച്ചു.
ഇന്ദിരാ ഗാന്ധിയുടെ കാലം തൊട്ട് കോണ്‍ഗ്രസ് പറയുന്നു രാജ്യത്തു നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുമെന്ന്. എന്നിട്ടെന്തുണ്ടായി? 2022-ഓടെ ആരും മണ്ണുകൊണ്ടുണ്ടാക്കിയ വീട്ടില്‍ കഴിയേണ്ടി വരില്ലെന്ന് ചൗഹാന്‍ വാഗ്ദാനം നല്‍കി. എല്ലാവര്‍ക്കും ജീവിക്കുന്നതിന് മെച്ചപ്പെട്ട വീടു പണിതു നല്‍കുമെന്ന് ഉജ്ജയിനില്‍ നടന്ന തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ ചൗഹാന്‍ വെളിപ്പെടുത്തി.
ദേവാസില്‍ നടന്ന റാലിയില്‍ സംസ്ഥാനത്തെ ചെറുപ്പക്കാരെ നോട്ടമിട്ടാണ് ചൗഹാന്‍ സംസാരിച്ചത്. വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും പന്ത്രണ്ടാം ക്ലാസില്‍ ഉന്നത വിജയം നേടുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ടൂ വീലറുകള്‍ നല്‍കുമെന്നും ബിജെപി നേതാവ് പറഞ്ഞു.
പതിനഞ്ചു വര്‍ഷം നീണ്ട ഭരണം ഇനിയും തുടരാനുള്ള തന്ത്രങ്ങളുമായാണ് ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബിജെപിയില്‍നിന്നും അധികാരം പിടിച്ചടക്കാനുള്ള തന്ത്രങ്ങളുമായാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും കര്‍ഷകരോഷവും മുതലെടുക്കാന്‍ കടുത്ത പ്രചാരണം തന്നെ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണരംഗത്ത് സജീവമായിരുന്നു.
മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേയ്ക്കാണ് ഈ മാസം 28ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മിസോറാമില്‍ ലാല്‍ തന്‍വാലയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറാണ് ഭരണവിരുദ്ധ വികാരം നേരിടുന്നത്. ബിജെപിയും എം.എന്‍.എഫുമാണ് എതിര്‍പക്ഷത്ത്. 40 മണ്ഡലങ്ങളിലേയ്ക്കാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍ നടക്കുക.