ന്യൂഡല്‍ഹി: 2018ലെ അവസാന തിരഞ്ഞെടുപ്പിനുള്ള പ്രചരണം ഇന്നലെ അവസാനിച്ചു. തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നാളെ പോളിഗ് ബൂത്തിലേയ്ക്ക് നീങ്ങും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിശബ്ദ പ്രചാരണത്തിന്‍റെ അവശേഷിച്ചിരിക്കുന്ന ഏതാനും മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാ മുന്നണികളും. അതേസമയം, ഇരു സംസ്ഥാനങ്ങളിലും ഇഞ്ചോടിച്ച് പോരാട്ടമാണ് രാഷ്ട്രീയനിരീക്ഷകര്‍ പ്രവചിക്കുന്നത്. 


രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. എന്നാല്‍ തെലങ്കാനയിലേത് ത്രികോണ മത്സരവും. തെലങ്കാനയില്‍ ബിജെപി, കോണ്‍ഗ്രസ്‌, ടി.ആര്‍.എസ് പാര്‍ട്ടികള്‍ പ്രചാരണത്തിലും പോരാട്ടമായിരുന്നു കാഴ്ചവച്ചത്. 


വാശിയേറിയ പോരാട്ടമാണ് രാജസ്ഥാനില്‍ നടക്കുക. 200 സീറ്റുള്ള രാജസ്ഥാനില്‍ ഭരണ കക്ഷിയായ ബിജെപിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി പ്രചാരണ രംഗത്ത് തുടക്കത്തില്‍ ഏറെ മുന്നിലായിരുന്നു കോണ്‍ഗ്രസ്സ്. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പം പോരാടുന്ന കാഴ്ചയാണ് കാണുവാന്‍ കഴിഞ്ഞത്. സമുദായ വോട്ടുകള്‍ നിര്‍ണ്ണായകമായ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് തരംഗം പ്രവചിക്കുകതന്നെ അസാധ്യമായിരിക്കുകയാണ്. 


എങ്കിലും ഗുജ്ജര്‍, ജാട്ട്, മീന അടക്കമുള്ള പ്രബല ജാതി വിഭാഗങ്ങളുടെയും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കുമുള്ള ഭരണവിരുദ്ധ വികാരവും വോട്ടാക്കിമാറ്റാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. 


എന്നാല്‍ തെലങ്കാനയില്‍ ചിത്രം വേറെയാണ്. തെലങ്കാനയില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുക. 


പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ പരീക്ഷണവേദിയാണ് തെലങ്കാന. അതിന്‍റെ ശക്തമായ തെളിവാണ് സംസ്ഥാനം രൂപപ്പെട്ടതിനുശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍, ദേശീയ പാര്‍ട്ടികളെ പരാജയപ്പെടുത്തി ഒരു പ്രാദേശിക പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. 


തെലങ്കാനയില്‍ ആകെ 119 മണ്ഡലങ്ങളാണ് ഉള്ളത്. എന്നാല്‍ മണ്ഡലങ്ങളിലും പ്രരസ്യ പ്രചാരണത്തില്‍  തുടക്കംമുതല്‍ ഭരണകക്ഷിയായ ടി.ആര്‍.എസ്സ് ആധിപത്യം പുലര്‍ത്തിയിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്നാണ് ടി.ആര്‍.എസ്സ് കണക്ക് കൂട്ടുന്നത്. 


അതേസമയം, സംസ്ഥാനത്ത് തെലുങ്ക് ദേശം പാര്‍ട്ടിയുമായും -സി.പിഐയുമായും സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ സഖ്യം ഗുണം ചെയ്യുമെന്നുതന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. രാഹുല്‍, സോണിയ തുടങ്ങി പാര്‍ട്ടിയിലെ പ്രമുഖര്‍ പലതവണ സംസ്ഥാനത്ത് പ്രചാരണത്തിനെത്തി. 


എന്നാല്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണ് ബിജെപിയുടെ പോരാട്ടം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിരവധി റാലികളില്‍ പങ്കെടുത്തിരുന്നു. 


ഇരു സംസ്ഥാനങ്ങളിലേയും വോട്ടര്‍മാര്‍ നാളെ രാവിലെ 8 മണിയോടെ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. വൈകുന്നേരം 5 മണിവരെയാണ് പോളിംഗ് നടക്കുക. 


ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍ നടക്കുക.