Viral Video: ഞാനൊന്ന് ഷൂലേസ് കെട്ടാന്‍ ഇരുന്നതാ..
റോഡില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കിടയില്‍ ഒരു കുട്ടി ഇരുന്ന് അഴിഞ്ഞു പോയ ഷൂലേസ് കെട്ടുന്നത് വീഡിയോയില്‍ കാണാം.
ന്യൂഡല്‍ഹി: മുംബൈയിലെ ഗോരേഗാവിലെ സദ്‌ഗുരു കോമ്പ്ലക്സില്‍ നടന്ന ഒരു അപകട ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മുകളിലൂടെ കാര്‍ പാഞ്ഞ് കയറുന്നതും, എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് ദൃശ്യത്തിലുള്ളത്.
സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ബാംഗ്ലൂര്‍ പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പങ്ക് വെച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 24 ന് ഏഴു മണിയോടെയാണ് സംഭവം. റോഡില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കിടയില്‍ ഒരു കുട്ടി ഇരുന്ന് അഴിഞ്ഞു പോയ ഷൂലേസ് കെട്ടുന്നത് വീഡിയോയില്‍ കാണാം.
സൈഡിലായി പാര്‍ക്ക് ചെയ്തിരുന്ന വാഗണര്‍ കാറിന് സമീപം റോഡിലായാണ് കുട്ടി ഇരുന്നത്. തുടര്‍ന്നാണ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതും കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങി പോയതും. ഒരു സ്ത്രീയാണ് കാര്‍ ഓടിച്ചിരുന്നത്.
കാറിന്‍റെ ഇടതുവശത്തെ ഡോര്‍ തുറന്നടയുന്നതും ദൃശ്യത്തിലുണ്ട്. കാര്‍ പോയയുടന്‍ പരിക്കുകളൊന്നുമില്ലാതെ കുട്ടി എണീറ്റ് ശരീരത്തില്‍ പറ്റിയ പൊടി തട്ടി കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതും കാണാം.
ബാംഗ്ലൂര്‍ പോലീസ് വ്യാഴാഴ്ച രാവിലെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. നമ്മള്‍ കാണുന്നതിനപ്പുറം ഈ വീഡിയോ നമ്മെ പഠിപ്പിക്കുന്നുവെന്നാണ് വീഡിയോ പങ്കു വെച്ചുക്കൊണ്ട് പോലീസ് പറയുന്നത്.
ഓണ്‍ലൈന്‍ ലോകത്ത് വലിയ സംവാദമാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. ചിലര്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു, മറ്റ് ചിലര്‍ റോഡില്‍ കുട്ടികളെ കളിക്കാന്‍ വിട്ടതിന് മാതാപിതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്തു.
അതേസമയം, മുംബൈ പോലീസ് വാഹനമോടിച്ച ശ്രദ്ധ മനോജ് ചന്ദ്രകാര്‍ എന്ന നാല്‍പത്തിരണ്ടുകാരിയെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയും ചെയ്തു.
കുട്ടിയിരുന്നത് ശ്രദ്ധയില്‍പെടാത്തതും ആരും നിലവിളിക്കാതിരുന്നതും കാര്‍ നിര്‍ത്താതെ ഓടിച്ചു പോവാന്‍ കാരണമായി എന്നാണ് ഇവര്‍ പറഞ്ഞത്. അറസ്റ്റ് ചെയ്ത ഇവരെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.