കാവേരി നദീജലപ്രശ്നത്തിൽ കര്‍ണാടകയ്ക്ക് താല്‍കാലിക ആശ്വാസം. തമിഴ്നാടിന് ദിനംപ്രതി നല്‍കേണ്ട വെള്ളത്തിന്‍റെഅളവ് കുറച്ചു. 15,000 ക്യുസെക്‌സിന് പകരം 12,000 ക്യുസെക്‌സ് ജലം നല്‍കിയാല്‍ മതിയെന്ന് കര്‍ണാടകത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. എന്നാല്‍, കോടതിവിധി നടപ്പാക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാത്മകമായ അവസ്ഥയാണെന്നും കര്‍ഷകരുടെയും ജനങ്ങളുടെയും വലിയ പ്രതിഷേധം നടക്കുകയാണെന്നും കര്‍ണാടക സുപ്രീംകോടതിയെ അറിയിച്ചു. അതുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതിരുന്നതെന്നും കര്‍ണാടക കോടതിയില്‍ പറഞ്ഞു.എന്നാല്‍,  ക്രമസമാധാനനില മുന്‍നിര്‍ത്തി ഉത്തരവില്‍ ഇടപെടില്ലെന്ന്‍ കോടതിയും വ്യക്തമാക്കി. ഇരുസംസ്ഥാനങ്ങളുടെയും ജലദൗര്‍ലഭ്യം പരിഗണിച്ചാണ് പുതിയ ഭേദഗതിയെന്നും കോടതി അറിയിച്ചു. 


പത്തു ദിവസത്തേക്കു 15,000 ക്യുസെക്സ് വീതം ജലം അടിയന്തരമായി വിട്ടുകൊടുക്കാന്‍ ഈ മാസം അഞ്ചിനു സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കര്‍ണാടക ശനിയാഴ്ച വൈകിട്ടു പുതുക്കല്‍ ഹര്‍ജി സമര്‍പ്പിച്ചത്.