ഡല്‍ഹി സംഘര്‍ഷം: ഫെബ്രുവരി 28, 29 തീയതികളിലെ CBSE പരീക്ഷകളില്‍ മാറ്റം!!
ഡല്‍ഹി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ CBSE പരീക്ഷകളില്‍ മാറ്റം. ഫെബ്രുവരി 28, 29 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം.
ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ CBSE പരീക്ഷകളില്‍ മാറ്റം. ഫെബ്രുവരി 28, 29 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം.
ഫെബ്രുവരി ഇരുപത്തിയേഴിന് നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വച്ചെന്നറിയിച്ച് സിബിഎസ്ഇ ഫെബ്രുവരി 26ന് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നാളെ (വ്യാഴാഴ്ച) നടക്കാനിരുന്ന പന്ത്രണ്ടാം ക്ലാസ്സിന്‍റെ ഇംഗ്ലീഷ് പരീക്ഷ വടക്കുകിഴക്കൻ ഡല്‍ഹിയിലെ 73 കേന്ദ്രങ്ങളിലും കിഴക്കൻ ഡല്‍ഹിയിലെ ഏഴ് കേന്ദ്രങ്ങളിലും മാറ്റി വച്ചതായി സിബിഎസ്ഇയുടെ പ്രസ്താവനയിൽ പറയുന്നു.
ഡല്‍ഹിയിലെ മറ്റ് ഭാഗങ്ങളിൽ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകള്‍ നടക്കുമെന്നും മാറ്റിയ തീയതി പിന്നീട് അറിയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ മൂന്നുദിവസമായി നടന്നുവരുന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനുള്‍പ്പെടെ 34 പേരാണ് മരിച്ചത്.
കലാപകാരികളുടെ ആക്രമണങ്ങളില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴു പേര് കൂടി വ്യാഴാഴ്ച രാവിലെ മരിച്ചു.
ഡല്‍ഹിയിലെ GTB ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 പേരും LNJP ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരും ജാഗ് പര്‍വേഷ് ചന്ദ്ര ആശുപത്രിയില്‍ ഒരാളുമാണ് മരിച്ചത്.
അതേസമയം, സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്തു. വടക്ക് കിഴക്കന്‍' ഡല്‍ഹിയിലെ സ്ഥിതിഗതികൾ സൂക്ഷമായി നിരീക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിനും നിർദേശം നൽകി.
കര്‍ത്തവ്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ആളുകളോട് ഇടപെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
'സാഹചര്യം പൂർണ്ണമായും നിയന്ത്രണത്തിലാണ്. ആളുകൾ സംതൃപ്തരാണ്. നിയമപാലകരിൽ എനിക്ക് വിശ്വാസമുണ്ട്, പോലീസ് അവരുടെ കര്‍ത്തവ്യം പൂര്‍ണ്ണമായും നിരവേറ്റുന്നുണ്ട്', ഡോവല്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഭജന്‍പുര, ഗോകുല്‍പുരി എന്നീ സ്ഥലങ്ങളിലാണ് തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ, നിയമത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.