പ്രതിപക്ഷ എതിര്‍പ്പുകള്‍ മറികടന്ന് ശത്രുസ്വത്ത് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ പാസ്സാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി. അതേസമയം, വിശദമായ പരിശോധനയും ചര്‍ച്ചയുമില്ലാതെ ബില്‍ തിടുക്കത്തില്‍ പാസ്സാക്കി എടുക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. പാകിസ്താനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുവകകള്‍ക്ക് മേല്‍ ഇന്ത്യയിലുള്ള അവരുടെ അനന്തരാവകാശികള്‍ക്ക് പോലും മുന്‍കാല പ്രാബല്യത്തോടെ അവകാശം നിഷേധിക്കുന്നതാണ് ഈ നിയമ ഭേദഗതി ബില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

1962ലെ ഇന്ത്യ-പാക് യുദ്ധത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുവകകള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ വേണ്ടിയുള്ളതാണ് ശത്രു സ്വത്ത് നിയമം. 1968ലാണ് ഈ ബില്‍ ആദ്യമായി പാസവുന്നത്.വിവിധ സംസ്ഥാനങ്ങളിലായി കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുവകകളാണ് ഇ രീതിയില്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയത്.


എന്നാല്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയ വസ്തുക്കളുടെ അവകാശത്തെ ചൊല്ലി ഉടമസ്ഥരുടെ ഇന്ത്യക്കാരായ അനന്തരാവകാശികള്‍ കോടതികളെ സമീപിക്കുകയും 2005 ല്‍ ഇത്തരമൊരു കേസില്‍ സുപ്രീംകോടതി ഹര്‍ജിക്കാരന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തതോടെ നിയമത്തില്‍ ഭേദഗതി വേണമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ മാര്‍ച്ചില്‍  ലോകസഭയില്‍ ബില്‍ പാസാക്കാന്‍ സാധിച്ചിരുന്നെങ്കിലും രാജ്യസഭയില്‍ വിശദ പരിശോധന വേണമെന്ന ആവശ്യം ശക്തമായതോടെ സെലക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു.