ന്യൂഡൽഹി: എസ്ബിടി അടക്കം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആറു ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം .  ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ വന്‍കിട ബാങ്കുകളുമായി മല്‍സരിക്കാന്‍ എസ്ബിഐക്ക് കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്ട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിളാബാങ്ക് എന്നീ അസോസിയേറ്റഡ് ബാങ്കുകളേയാണ് എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ ബാങ്കിങ് മേഖലയിലെ പരിഷ്കണനടപടികള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്.  ലയനത്തോടെ 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയുള്ള വമ്പൻ ബാങ്കായി എസ്.ബി.ഐ മാറും. 22,500 ശാഖകളും 58,000 എ.ടി.എമ്മുകളും എസ്.ബി.ഐയ്ക്ക് ഉണ്ടാകും. ബാങ്കിന്‍റെ അടിത്തറ ശക്തമാക്കുകയെന്ന ലക്ഷ്യവുമുണ്ട്. 


ലോകത്തെ ബാങ്കുകളുടെ പട്ടികയില്‍ നിലവിലുള്ള അന്‍പത്തിരണ്ടാം സ്ഥാനത്ത് നിന്ന് നാല്‍പ്പത്തിഅഞ്ചാം സ്ഥാനത്തേക്കുയരുന്ന എസ്ബിഐക്ക് കൂടുതല്‍ മത്സരക്ഷമമതയുണ്ടാകുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. കേന്ദ്രസർക്കാറിന്‍റെ അനുമതി ലഭിച്ചതോടെ ലയന നടപടികൾ ഉടൻതന്നെ ആരംഭിക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത പട്യാല, ഹൈദരാബാദ് ബാങ്കുകളാകും ആദ്യം എസ്.ബി.ഐയിൽ ലയിപ്പിക്കുക.


അതേസമയം, അനുബന്ധ ബാങ്കുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ലയനത്തെ ആശങ്കയോടെയാണ് കാണുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ ലയനം ഫലപ്രദമല്ലെന്ന് മുന്‍കാലങ്ങളില്‍ തെളിഞ്ഞിട്ടുള്ളതായി ജീവനക്കാരുടെ സഘടനകളുടെ വാദം. അഞ്ച് അസോസിയേറ്റ് ബാങ്കുകളിലായി 70,000-ത്തോളം ജീവനക്കാരാണ് ഉള്ളത്. മറ്റു ബാങ്കുകള്‍ ലയിക്കുന്നതോടെ നിലവില്‍ ജോലി ചെയ്യുന്നവരുടെ സ്ഥാനക്കയറ്റ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും.