നീറ്റ് പരിക്ഷ നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ മറികടക്കാന്‍ കേന്ദ്രസർക്കാർ ശ്രമം. ഈ വര്‍ഷം നീറ്റ് പരിക്ഷ  ഒഴിവാക്കാന്‍ ഓർഡിനൻസ് കൊണ്ടുവരും. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പരീക്ഷയ്ക്ക് അംഗീകാരം ലഭിക്കും. ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.രാജ്യത്തൊന്നാകെയുള്ള മെഡിക്കല്‍-ഡെന്റല്‍  കോളേജുകളിലേക്കുള്ള അഡ്മിഷന്‍ നേടാന്‍  ഏകീകൃത  പൊതു പ്രവേശന പരീക്ഷ നടത്തണമെന്ന സുപ്രീം കോടതി വിധിയെയാണ്  കേന്ദ്രസർക്കാർ മറികടക്കാന്‍ ശ്രമിക്കുന്നത്. നേരത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജൈറ്റ്ലി കോണ്‍ഗ്രസ്‌ ,ഐ .എന്‍ എല്‍ .ഡി, ഇടത് കക്ഷികള്‍ പി .ഡി .പി തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് 


COMMERCIAL BREAK
SCROLL TO CONTINUE READING

നീറ്റ് അടുത്ത വര്‍ഷം മുതല്‍ മതിയെന്നും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം എന്ന നിലപാടിലേക്ക് എത്തിയത്  .ഈ വര്‍ഷം "നീറ്റ്" നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്ന് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം മെഡിക്കല്‍ ഡെന്റല്‍ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും നാഷണല്‍ എലിജിബിലിറ്റി എന്ട്രന്‍സ് ടെസ്റ്റ്‌ (നീറ്റ് ) എഴുതണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം 11 നാണ് ഉത്തരവിട്ടത്.സുപ്രീം കോടതി ഉത്തരവില്‍ പല സംസ്ഥാനങ്ങള്‍ക്കും വിയോജിപ്പുണ്ടായിരുന്നു. ഇക്കുറി പല സംസ്ഥാനങ്ങളും തങ്ങളുടെ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തി കഴിഞ്ഞ ഘട്ടത്തില്‍ ഈ വര്‍ഷം തങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷ പ്രകാരം അഡ്മിഷന്‍ നടത്താന്‍ അനുവദിക്കണമെന്ന്‍ കാണിച്ച് വിവിധ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു . 


കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതി വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജി തള്ളുകയും നീറ്റ് എഴുതിയ വിദ്യാര്‍ഥികള്‍ മാത്രമേ എം .ബി .ബി .എസ് -ബി.ഡി .എസ് അഡ്മിഷന്‍ നേടാന്‍ അര്‍ഹരാവൂ എന്നും വ്യക്തമാക്കിയിരുന്നു .സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും എം.പി മാരും നീറ്റിനെതിരെ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. പ്രാദേശിക ഭാഷകളില്‍ പ്ലസ് ടു തലം വരെ പഠിച്ചവര്‍ക്കും ഗ്രാമീണ മേഖലകളില്‍ നിന്ന്‍ വരുന്നവര്‍ക്കും  ഏകീകൃത രൂപത്തിലുള്ള പരീക്ഷ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുമെന്നുമുള്ള ആശങ്കകള്‍ ഇനിയും ദൂരീകരിക്കപ്പെടാനിരിക്കുന്നു.


ദേശീയ തലത്തില്‍ സര്‍ക്കാറിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലേക്കും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്കുമുള്ള മാനേജ്മെന്‍റ് സീറ്റിലേക്കുള്ള  പ്രവേശനത്തിന് മാത്രമേ നീറ്റ് ബാധകമാവൂ  മെയ് 1ന് നടന്ന നീറ്റിന്‍റെ ആദ്യഘട്ട പരീക്ഷയില്‍ ഏതാണ്ട് 6.5 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. രണ്ടാം ഘട്ടം ജൂലൈ  24 നാണ്.