ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാന്‍ നിയമം ഉടന്‍!
ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധികാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍,ഇതിനായി ഉടന്‍ തന്നെ നിയമ നിര്‍മ്മാണം ഉണ്ടാകും.
ന്യൂഡല്‍ഹി:ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധികാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍,ഇതിനായി ഉടന്‍ തന്നെ നിയമ നിര്‍മ്മാണം ഉണ്ടാകും.
റിസര്‍വ്വ് ബാങ്കിന്‍റെ വിജ്ഞാപനം കൊണ്ട് മാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്
നിയമ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്.
2019 ജൂലായില്‍ സര്‍ക്കാര്‍ നിയമിച്ച സമിതി,ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച് കരട് നിയമത്തിന് രൂപം നല്‍കിയിരുന്നു.
ഇടപാട് നടത്തുന്നവര്‍ക്ക് 25 കോടി രൂപവരെ പിഴയും 10 വര്‍ഷം വരെ തടവും ശിക്ഷ നല്‍കണം എന്നാണ് സമിതി കരട് നിയമത്തില്‍ നിര്‍ദേശിക്കുന്നത്.
2018 ഏപ്രിലില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം കൊണ്ട് വന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി
ഈ നിയന്ത്രണങ്ങള്‍ നീക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
Also Read:ജമ്മു കശ്മീരില്‍ ലഷ്ക്കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാ സേന പിടികൂടി!
ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം സുപ്രീം കോടതിയുടെ ഉത്തരവ് വന്നെങ്കിലും റിസര്‍വ്വ് ബാങ്ക് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കിയിരുന്നില്ല.
അതുകൊണ്ട് തന്നെ ബാങ്കുകള്‍ ക്രിപ്റ്റോ ഇടപാടുകള്‍ അനുവദിച്ചിരുന്നില്ല, എന്നാല്‍ മറ്റ് വഴികളിലൂടെ രാജ്യത്ത് ഇടപാടുകള്‍ വ്യപകമായി നടക്കുകയും ചെയ്തു,
ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.