ചന്ദ്രയാന്‍-2 ഇന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേയ്ക്ക്
ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ചന്ദ്രന്‍റെ ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ പറഞ്ഞു.
ചെന്നൈ: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിലെ നിര്‍ണ്ണായക ദിനമായ ഇന്ന് ചന്ദ്രയാൻ-2 പേടകം ഇന്ന്‍ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും.
രാവിലെ 8.30നും 9.30 നുമിടയിലാണ് ചന്ദ്രയാന്‍-2 ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ചന്ദ്രന്‍റെ ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ പറഞ്ഞു.
ഇതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിയെന്ന്‍ ഐഎസ്ആര്‍ഒ അറിയിച്ചു. സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക.
ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന്‍ ആഗസ്റ്റ് 14 നാണ് ചന്ദ്രന്‍റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം കുതിച്ചത്. 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനെ ലക്ഷ്യമാക്കി മണിക്കൂറിൽ 39000 കിലോമീറ്ററോളം വേഗത്തിൽ കുതിക്കുന്ന പേടകത്തിന്‍റെ വേഗം നിയന്ത്രിച്ചാണു ഭ്രമണപഥത്തിലേക്കു കടത്തുക.
ചന്ദ്രന്‍റെ 118 കിലോമീറ്റര്‍ അടുത്തും 18078 കിലോമീറ്റര്‍ അകലത്തിലും പേടകം സഞ്ചരിക്കുന്നതാണ് ഐഎസ്ആര്‍ഒ നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥം.
സെപ്റ്റംബര്‍ രണ്ടിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകമെത്തുമ്പോള്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങുന്നത്.
ഇതിനായി ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണപഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്‍റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം.
ഐഎസ്ആര്‍ഒ ടെലിമെട്രിയിലുള്ള മിഷന്‍ ഓപ്പറേഷന്‍ കോപ്ലക്സും ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വർക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബെംഗളൂരുവിനടുത്തുള്ള ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‌വർക്കിൽ നിന്നാണ് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്.
ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. സോഫ്റ്റ് ലാന്‍ഡിംഗ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്‍റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍ നിന്ന് റോവര്‍ കൂടി പുറത്തിറങ്ങി ചന്ദ്രോപരിതലത്തിലിറങ്ങുന്നതോടെ ദൗത്യം പൂര്‍ണമാകും. 14 ദിവസമാണ് ലാന്‍ഡറിന്‍റെ ആയുസ്. 14 ദിവസം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് റോവറും വിവരങ്ങള്‍ ശേഖരിക്കും.