Chandrayaan 3: ചന്ദ്രയാന്‍ 3; ഇന്ന് ലാന്‍ഡിംഗ് നടന്നില്ലെങ്കില്‍? പ്ലാന്‍ ബി തയ്യാറാക്കി ഇസ്രോ
Chandrayaan 3 soft landing: 2019ല്‍ നേരിട്ട വെല്ലുവിളികളും പോരായ്മകളുമെല്ലാം പരിഹരിച്ചാണ് ചന്ദ്രയാന്‍ 3 ദൗത്യവുമായി ഐഎസ്ആര്‍ഒ മുന്നോട്ടുപോകുന്നത്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3യുടെ ഭാവി എന്താകും എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 5.45നും 6.08നും ഇടയിലാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്.
2019ല്‍ ചന്ദ്രയാന്‍ 2 ദൗത്യം പരാജയപ്പെട്ടിരുന്നു. അന്ന് നേരിട്ട വെല്ലുവിളികളും പോരായ്മകളുമെല്ലാം പരിഹരിച്ച് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് ചന്ദ്രയാന്‍ 3 ദൗത്യവുമായി ഐഎസ്ആര്‍ഒ മുന്നോട്ടുപോകുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ദൗത്യമായി ചന്ദ്രയാന്‍ 3 മാറും. മാത്രമല്ല, അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചാന്ദ്ര ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറും.
ALSO READ: ഹിമാചല്‍ പ്രദേശില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദ്ദേശം
ഇന്ന് സോഫ്റ്റ് ലാന്‍ഡിംഗ് നടന്നില്ലെങ്കില്‍ ഇസ്രോ പ്ലാന്‍ ബി തയ്യാറാക്കിയിട്ടുണ്ട്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യങ്ങളും പരിശോധിച്ച ശേഷമാകും സോഫ്റ്റ് ലാന്‍ഡിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. നേരത്തെ നിശ്ചയിച്ച 5.45 - 6.04 സമയപരിധിക്കുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.
അവസാന ഘട്ടത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതികൂല സാഹചര്യമുണ്ടായാല്‍ എന്ത് നടപടി സ്വീകരിക്കണം എന്നതിനുള്ള വ്യക്തമായ പ്ലാന്‍ ഐഎസ്ആര്‍ഒ തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് സോഫ്റ്റ് ലാന്‍ഡിംഗ് നടന്നില്ലെങ്കില്‍ ഓഗസ്റ്റ് 27നായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക എന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പ്രദേശത്ത് നിന്ന് ഏകദേശം 400 - 450 കിലോ മീറ്റര്‍ മാറിയാകും ലാന്‍ഡ് ചെയ്യുക. അന്തിമ ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ എല്ലാ വശവും കൃത്യമായി പരിശോധിക്കും. ഇതിന് ശേഷം മാത്രമേ ലാന്‍ഡര്‍ മൊഡ്യൂളിനെ 30 കിലോ മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേയ്ക്ക് ഇറക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...