ന്യൂഡല്‍ഹി: കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നടപ്പിലാക്കുമെന്ന പുതിയ നിയമത്തിന് പിന്തുണയുമായി അനുഷ്‌ക ശര്‍മ്മ. ഞാന്‍ തീര്‍ത്തും ഇതില്‍ യോജിക്കുന്നുവെന്നും, ഈ നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും അനുഷ്‌ക മാധ്യമങ്ങളോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം എന്നെ മാനസികമായി ബാധിച്ചു. ഇപ്പോള്‍ ആ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോഴും വെറുപ്പും സങ്കടവും ആണെന്നും അനുഷ്‌ക പറഞ്ഞു.


കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പോക്‌സോ നിയമപ്രകാരം നിലവില്‍ പരമാവധി ശിക്ഷ ജീവപര്യന്തമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കൂട്ടമാനഭംഗക്കേസുകളില്‍ വധശിക്ഷ വിധിക്കാറുണ്ട്.


പോസ്കോ നിയമപ്രകാരം പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയാണ്‌. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ ജീവപര്യന്തമാണ്‌ ശിക്ഷ. 16 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷം തടവായി വര്‍ദ്ധിപ്പിച്ചു. ഇത് ആയുഷ്‌കാല തടവായും മാറ്റാം. സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന ശിക്ഷ 7 വര്‍ഷത്തില്‍ നിന്നും 10 വര്‍ഷമാക്കിമാറ്റി. മാത്രമല്ല ഇത്തരം കേസുകള്‍ ആറുമാസത്തിനുള്ളില്‍ ശിക്ഷ വിധിക്കണം. 


പന്ത്രണ്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാഷ്ട്രപതി റാംനാഥ് കോവിന്ദ്‌ ഞായറാഴ്ചയാണ് ഒപ്പുവെച്ചത്. കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി 2012ലാണ് കേന്ദ്ര സര്‍ക്കാര്‍ പോക്സോ നിയമം നടപ്പില്‍ വരുത്തുന്നത്. ഈ നിയമം ഭേദഗതി ചെയ്​താണ് ഓര്‍ഡിനന്‍സ്​ ഇറക്കിയത്​​.