ന്യൂഡല്‍ഹി: ഇരു രാജ്യങ്ങളും തമ്മിലുള്ള  ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ  സമാധാന ശ്രമങ്ങള്‍  തകിടം മറിയ്ക്കുന്നതിനായി  ചൈന പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലഡാക്കില്‍ വീണ്ടും ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും  ഇന്ത്യന്‍ സൈന്യം ഇത് പരാജയപ്പെടുത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു.  ഓഗസ്റ്റ് 29നും 30 നുമിടയില്‍ രാത്രിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ്‌ പ്രതിരോധ മന്ത്രാലയ൦ പുറത്തിറക്കിയ  പ്രസ്താവനയില്‍ പറയുന്നത്.


ഇരു രാജ്യങ്ങളും മുന്നോട്ടുവെച്ച കരാറുകളില്‍ നിന്ന് വ്യതിചലിച്ച് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.   അതിര്‍ത്തിയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ച ചൈനിസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിട്ടതായും മേഖലയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും ചെയ്തിരിയ്ക്കുകയാണ്.


പാംഗോങ് തടാക തീരത്ത്‌ ഉണ്ടായ ചൈനീസ് സൈനിക നീക്കം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. ഏകപക്ഷീയമായ ചൈനീസ് നീക്കങ്ങള്‍ തടയുന്നതിനും നിലപാട് ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.


ലഡാക്ക്  അതിര്‍ത്തിയിൽ ചൈന പ്രകോപനം ആവര്‍ത്തിച്ച സാഹചര്യത്തിൽ ലെ - ശ്രീനഗര്‍ ഹൈവേ സൈന്യം അടച്ചു. പാത വഴിയുള്ള പൊതുജനങ്ങളുടെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായും സൈനിക വാഹനങ്ങള്‍ മാത്രമേ ഹൈവേയിൽ അനുവദിക്കൂവെന്നുമാണ് സൈന്യം അറിയിച്ചിട്ടുള്ളത്. 


നിലവിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യാനായി ബ്രിഗേഡ് കമാൻഡര്‍ തലത്തിലുള്ള ചര്‍ച്ച ചൈനയുമായി നടത്തുന്നുണ്ടെന്നാണ് സൈനിക വക്താവ് കേണല്‍ അമൻ ആനന്ദ് വ്യക്തമാക്കിയത്. ഇന്ത്യൻ സൈന്യം അതിര്‍ത്തിയിൽ സമാധാനം നിലനി‍ര്‍ത്താൻ ബാധ്യസ്ഥരാണെന്നും എന്നാൽ അതിര്‍ത്തിയുടെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


അതേസമയം, ലഡാക്കിലെ ഇന്ത്യാ ചൈനാ സംഘര്‍ഷത്തിന്‍റെ  പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. സേനകള്‍ക്ക് അദ്ദേഹം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.