ഇന്ധന വിലയ്ക്ക് പിന്നാലെ സിഎൻജി നിരക്കും ഉയരുന്നു; പ്രതിസന്ധി ഒഴിയാതെ ഓട്ടോ ടാക്സി തൊഴിലാളികൾ
രാജ്യത്ത് പെട്രോൾ-ഡീസൽ വില കുതിച്ചുകയറുമ്പോൾ ബദൽ ഇന്ധന വാഹനങ്ങൾ അന്വേഷിക്കുന്നവർക്ക് പ്രിയപ്പെട്ടവയാണ് സിഎൻജി വാഹനങ്ങൾ
പെട്രോൾ ഡീസൽ വില വർധനയെ തുടർന്ന് സിഎൻജിയിലേക്ക് മാറിയവർക്കും വിലക്കയറ്റം തിരിച്ചടിയാവുന്നു. നാല് മാസത്തിനിടെ 15 രൂപയോളമാണ് ഒരു കിലോ സിഎൻജിയ്ക്ക് കൂടിയത്. ഈ സാഹചര്യത്തിൽ യാത്രാ നിരക്ക് കൂട്ടാതെ മുന്നോട്ട് പോവാനാകില്ലെന്നാണ് ഓട്ടോ ടാക്സി തൊഴിലാളികൾ പറയുന്നത്.
പെട്രോളിനും ഡീസലിനും വില കുതിച്ചുയരുമ്പോഴാണ് നാട്ടുകാർക്ക് സിഎൻജിയോടുള്ള ആകർഷണം കൂടിയത്. ഇതിന് പിന്നാലെ മാരുതി സുസുക്കിയ്ക്ക് മൂന്നേകാൽ ലക്ഷം സിഎൻജി കാറുകളുടെ ഓർഡറുകളായിരുന്നു ലഭിച്ചത്. ഇതിൽ 1.30 ലക്ഷം സിഎൻജി കാറുകൾ വിൽപനയ്ക്ക് തയ്യാറാവുകയും ചെയ്തിരന്നു. എന്നാൽ മുൻകൂട്ടി ഓർഡർ ചെയ്തവരൊക്കെ സി.എൻ.ജിക്ക് വില ഉയരുന്നതോടെ ആശയക്കുഴപ്പത്തിലാണ്.
നാല് മാസത്തിനിടെ സിഎൻജിയ്ക്ക് 15 രൂപയാണ് കൂടിയത്. മുംബൈയിൽ നിലവിൽ സിഎൻജി കിലോയ്ക്ക് 76 രൂപയാണ് വില. ഇന്ധനവില ഉയരുന്നതിന് പിന്നാലെ സിഎൻജി വില വർദ്ധനവും തിരിച്ചടിയാകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഓട്ടോ ടാക്സി തൊഴിലാളികൾ. മുംബൈയിൽ ഓട്ടോ ടാക്സികളെല്ലാം ബഹുഭൂരിപക്ഷവും സിഎൻജിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
രാജ്യത്ത് പെട്രോൾ-ഡീസൽ വില കുതിച്ചുകയറുമ്പോൾ ബദൽ ഇന്ധന വാഹനങ്ങൾ അന്വേഷിക്കുന്നവർക്ക് പ്രിയപ്പെട്ടവയാണ് സിഎൻജി വാഹനങ്ങൾ. സിഎൻജി വാഹനങ്ങളുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് ഇപ്പോഴുള്ളത്. എന്നാൽ ഇപ്പോഴും പൂർണമായും പരിഹരിക്കാത്ത ചിപ്പ് ക്ഷാമം നിർമാണവേഗത കുറക്കുന്നുണ്ട്. മാരുതി സുസുക്കി തന്നെയാണ് സിഎൻജി വാഹന മേഖലയിലും ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കൾ .
ആകെയുള്ള 15 മോഡലുകളിൽ 9 എണ്ണമാണ് മാരുതിക്ക് സിഎൻജി ഇന്ധനത്തിലുള്ളത്. 2021-22 സാമ്പത്തിക വർഷത്തിൽ 44 ശതമാനം വർധനവാണ് മാരുതിയുടെ സിഎൻജി വിൽപ്പനയിലുണ്ടായിരിക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ 1,62,000 യൂണിറ്റ് സിഎൻജി വാഹനങ്ങൾ വിറ്റപ്പോൾ ഇത്തവണ 2,64,000 യൂണിറ്റ് സിഎൻജി വാഹനങ്ങൾ മാരുതിയിൽ നിന്ന് നിരത്തിലിറങ്ങിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...