`ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ കോണ്‍ഗ്രസിന് ഉണര്‍വ്വ് ....!!
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു....
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു....
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതും ബിജെപി അദ്ദേഹത്തിന് നല്‍കുന്ന അംഗീകാരവും കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സ്വീകരിക്കാനാകാത്ത വസ്തുതയാണ്.... കോണ്‍ഗ്രസ് നേതാക്കളുടെ പല പ്രസ്താവനകളും ഇതാണ് വ്യക്തമാക്കുന്നത്.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിനുശേഷം പാര്‍ട്ടിയ്ക് ഏറെ ഉണര്‍വ്വുണ്ടായതായാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിംഗ് പ്രസ്താവിച്ചത്.
"ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടാല്‍ ഗ്വാളിയറിലെയും ചമ്പല്‍ ജില്ലയിലെയും പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനൊന്നും ഉണ്ടായിട്ടില്ല. സിന്ധ്യ പോയതോടെ കോണ്‍ഗ്രസില്‍ സംഭവിച്ചത് ഒരു നവീകരണമാണ്," ദിഗ്‌വിജയ സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാം നല്‍കി വളര്‍ത്തിക്കൊണ്ടുവന്ന നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയയാള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗം കൂടിയായ അദ്ദേഹം പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് പോകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, എന്നും ദിഗ്‌വിജയ സിംഗ് പറഞ്ഞു.
ഏറെ വര്‍ഷങ്ങള്‍ നീണ്ട ബന്ധമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസും തമ്മിലുള്ളത്. പാര്‍ട്ടിയുമായി ഉണ്ടായിരുന്ന 18 വര്‍ഷത്തെ ബന്ധത്തില്‍ നിരവധി പദവികള്‍ അദ്ദേഹം അലങ്കരിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ മാര്‍ച്ച് 11നാണ് ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് രാജ്യത്തിനു വേണ്ടി സേവനം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞ മാസം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഗ്വാളിയര്‍, ചമ്പല്‍ മേഘലകളില്‍ ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം പാര്‍ട്ടി ഇപ്പോള്‍ സിന്ധ്യയ്ക്ക് നല്കിയിരിയ്ക്കുകയാണ്. ഈ പ്രദേശങ്ങളില്‍ ബിജെപിയുടെ പിന്തുണ ശക്തിപ്പെടുത്താന്‍ സിന്ധ്യയുടെ സ്വാധീനവും കുടുംബപൈതൃകവും സഹായിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.