അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസ് ; സിദ്ദു കോടതിയിൽ കീഴടങ്ങി
പാട്യാല സെഷൻസ് കോടതിയിലാണ് നവ്ജ്യോത് സിംഗ് സിദ്ദു കീഴടങ്ങിയത്
ന്യൂഡൽഹി : 35 വർഷം മുമ്പ് റോഡിലുണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ നവ്ജ്യോത് സിംഗ് സിദ്ദു കീഴടങ്ങി. പാട്യാല സെഷൻസ് കോടതിയിലാണ് കീഴടങ്ങിയത്. കീഴടങ്ങാൻ കൂടുതൽ സമയം തേടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉളളതിനാൽ ഏതാനും ആഴ്ചകൾ കൂടി വേണമെന്നാവശ്യപ്പെട്ട് മനു അഭിഷേക് സിംഗ്‌വി മുഖേനെയാണ് ഹർജി സമർപ്പിച്ചത്. അപേക്ഷ കോടതി നിരസിച്ചതോടെയാണ് കീഴടങ്ങാൻ സിദ്ദു തയ്യാറായത്. സിദ്ദുവിനെ പാട്യാല ജയിലിലേക്ക് മാറ്റി. പാട്യാല കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മഹത്തായ നിയമത്തിന് മുന്നിൽ കീഴടങ്ങുമെന്നായിരുന്നു കോടതി വധി വന്നതിന് പിന്നാലെ സിദ്ദു ട്വീറ്റ് ചെയ്തത്.
35 വർഷം മുമ്പ് പൊതുസ്ഥലത്ത് ഉണ്ടായ തർക്കത്തെ തുർന്നുണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസിലാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ സിദ്ദുവിന് സുപ്രീ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. പാട്യാല സ്വദേശി ഗുർനാം സിംഗിനെ സുഹൃത്തിനൊപ്പം സിദ്ദു മർദ്ദിച്ചെന്നും തലക്ക് അടിയേറ്റ് അയാൾ മരിച്ചുവെന്നുമാണ് കേസ്. 1999 ൽ പഞ്ചാബ് സെഷൻസ് കോടതി ആ കേസിൽ സിദ്ദുവിനെ കുറ്റ വികുക്തനാക്കിയിരുന്നു.
മർദ്ദമേറ്റാണ് മരിച്ചതെന്നതിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി വിധി. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വലിയ വാദത്തിന് ശേഷം കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷം തടവിന് വിധിക്കുകയും ചെയ്തു. എന്നാൽ 2018ൽ സിദ്ദുവിന് 1000 രൂപ മാത്രം പിഴ ചുമത്തി സുപ്രീം കോടതി കേസ് തീർപ്പാക്കി. ഇതിനെതിരെ മരിച്ച ഗുർനാം സിംഗിന്റെ കുടുംബം നൽകിയ പുന:പരിശോധനാ ഹർജി പരിഗണിച്ചാണ് സിദ്ദുവിന് ഒരു വർഷം തടവിന് സുപ്രീം കോടതി വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...