ന്യുഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി . രാജ്യ സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉറച്ച പിന്തുണ നല്‍കുമെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങളും നുഴഞ്ഞു കയറ്റ ശ്രമങ്ങളും പരാജപ്പെടുത്തുന്നതിനുള്ള നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ സൈനിക നടപടി എന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കെതിരായി നടക്കുന്ന അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന് ഉത്തരവാദിത്വമുണ്ട്. തങ്ങളുടെ മണ്ണില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീഷിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷ പ്രസ്താവനയില്‍ പറഞ്ഞു.


സൈന്യത്തിന്‍റെ എല്ലാ നീക്കങ്ങള്‍ക്കും കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കും. രാജ്യസുരക്ഷക്കായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നും സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലും ട്വറ്ററില്‍ പോസ്റ്റ് ചെയ്തു.


മുന്‍ പ്രതിരോധമന്ത്രിയും എഐസിസി അംഗവുമായ എകെ ആന്റണിയും സൈന്യത്തിനും കേന്ദ്രത്തിനും പിന്തുണയുമായി രംഗത്തതെത്തി.   ബുധനാഴ്ച വൈകിട്ടാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാകിസ്താനിലെ തീവ്രവാദി ക്യാന്പുകള്‍ ആക്രമിച്ചത്. ഇന്ത്യയുടെ ഉന്നത സൈനിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.