ന്യൂഡൽഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ ലോക്സഭയില്‍ പുരോഗമിക്കവേ മോദിയ്ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


COMMERCIAL BREAK
SCROLL TO CONTINUE READING

അധികാരത്തിലേറി നാലര വര്‍ഷംകൊണ്ട് പ്രധാനമന്ത്രി നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് രാഹുല്‍ ആരോപിച്ചു. രണ്ടുകോടി ആളുകള്‍ക്ക് ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി, നാലായിരം പേര്‍ക്ക് പോലും ജോലി നല്‍കിയില്ലെന്ന് പരിഹസിച്ചു.


അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധിക്കുകമാത്രമാണ് ചെയ്തതെന്നും അതിലൂടെ സാധാരണക്കാരന്‍റെ പോക്കറ്റിലുണ്ടായിരുന്ന പൈസ പിടിച്ചുപറിക്കുകയായിരുന്നുവെന്നും ആരോപിച്ചു.


കോണ്‍ഗ്രസ് നടപ്പാക്കാനിരുന്ന ജിഎസ്ടി തടഞ്ഞ ബിജെപി പിന്നീട് അത് നടപ്പിലാക്കുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.


അതേസമയം പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്‍റിലെ ബലപരീക്ഷണം.