ന്യൂഡല്‍ഹി: പ്രിയങ്കയെ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസ്. മന്ത്രിസഭാ പുനഃസംഘടനയിലൂടെ ഉത്തര്‍ പ്രദേശിനെ സ്വാധീനിക്കാനുള്ള ബിജെപി ശ്രമത്തിനിടെ പ്രിയങ്കയെ നേതാവാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രിയങ്കക്ക് ഉത്തര്‍ പ്രദേശിന്‍്റെ ചുമതല നല്‍കി  കൊണ്ടുളള പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാവുമെന്നാണ് അറിയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുല്‍  ഗാന്ധിയെ കൊണ്ട് ഒരു ഗുണവുമില്ലെന്ന്​ കോണ്‍ഗ്രസ് അംഗീകരിച്ചതിന്‍്റെ തെളിവാണിതെന്ന് ബിജെപി പ്രതികരിച്ചു.അവസാന നിമിഷം ജനശ്രദ്ധ പിടിച്ചുപറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോൺഗ്രസിൽ കുടുംബാധിപത്യമുണ്ടെന്നു വീണ്ടും വെളിപ്പെടുകയാണെന്ന് ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു.പുതിയ നേതൃത്വത്തെ കണ്ടെത്താൻ ഗാന്ധി കുടുംബത്തിൽ പരിമിതിയാണ്. പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരുന്നത് അവരുടെ ആഭ്യന്തരകാര്യം. കോൺഗ്രസിന് അവരുടെ കുടുംബത്തിനു പുറത്ത് വരാനാകില്ല. എല്ലാ നേതൃത്വവും ഗാന്ധി കുടുംബത്തിനുള്ളിൽ വേണം. രാഹുലിനെ ഇറക്കിയത് വിജയിച്ചിരുന്നെങ്കിൽ പ്രിയങ്കയെ കൊണ്ടുവരില്ലായിരുന്നു, പാത്ര അറിയിച്ചു.


ഉത്തര്‍പ്രദേശിന് വലിയ പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭാ പുനഃസംഘടനയിലൂടെ സംസ്ഥാനത്തെ സ്വാധീനിക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്‍്റെ ചുമതല പ്രിയങ്കയ്ക്ക് നല്‍കി  പുതിയ പരീക്ഷണത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് നടത്തിയ  നേതൃത്വ ശില്‍പശാലയില്‍ നേരത്തെ ഇതിനുള്ള നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു.


പ്രശാന്ത് കിഷോര്‍ തന്നെയാണ് കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ മുന്നേറ്റമുണ്ടാക്കാനുള്ള മാര്‍ഗമായി ഈ നിര്‍ദേശം മുന്നില്‍ വെച്ചത്.പ്രിയങ്ക നേതൃ സ്ഥാനത്ത് വരാനുള്ള സാദ്ധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബര്‍ട്ട് വദ്രയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ബിജെപി നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. നേതൃമാറ്റം കൊണ്ട് ഒരു ഗുണവുമുണ്ടാവില്ലെന്നും കോണ്‍ഗ്രസിന് സംസ്ഥാനത്ത് നഷ്ടപ്പെട്ട അടിത്തറ തിരിച്ചു പിടിയ്ക്കാനാവില്ലന്നെുമാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രതികരണം.