ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്‌ പാര്‍ട്ടി തൂത്തുവാരുമെന്ന് രാജസ്ഥാൻ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ സച്ചിൻ പൈലറ്റ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 


സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉത്സാഹത്തിലാണ്, അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍റെ ചരിത്രം പരിശോധിച്ചാല്‍ എന്നും കാണുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള ഒരു മത്സരമാണ്‌. പാര്‍ട്ടി പ്രവര്‍ത്തകര്‍ രാത്രിയും പകലുമില്ലാതെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 200 സീറ്റിലും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു പാര്‍ട്ടിയുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ തത്കാലം തീരുമാനമില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി അവലംബിച്ചിരിക്കുന്ന എന്‍റെ ബൂത്ത് - എന്‍റെ അഭിമാനം എന്ന പരിപാടിയിലൂടെ എല്ലാ തരത്തില്‍പ്പെട്ട ആളുകളുമായും സമ്പര്‍ക്കത്തിലെത്താന്‍ സാധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.   


രാജസ്ഥാൻ നിയമസഭയുടെ കാലാവധി 2019 ജനുവരി 20ന് അവസാനിക്കും. അതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.