2024-ലെ പൊതു തിരഞ്ഞെടുപ്പിൽ ഭരണം കൈപ്പിടിയിലൊതുക്കാൻ അണിയറയിൽ തന്ത്രങ്ങളൊരുക്കി കോൺഗ്രസ്. 370 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്  മുന്നോട്ടുപോകനുള്ള നീക്കങ്ങൾക്കാണ് നേതൃത്വം മുൻഗണന നൽകുന്നത്. വിജയത്തിലേക്ക് ചുവടുവയ്ക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ (പികെ) സഹായം കോൺഗ്രസ് ഉറപ്പിക്കും. പാർട്ടിയിൽ ചേരാൻ പ്രശാന്ത് കിഷോർ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ കൺസൾട്ടന്റായി പ്രവർത്തിക്കരുതെന്നും 'പികെ'യോട് കോൺഗ്രസ് ആവശ്യപ്പെട്ടതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

2024ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടത് എങ്ങനെയെന്ന വിശദമായ അവതരണവും കിഷോർ പാർട്ടി നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്ക് പോരാടണമെന്നും തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഖ്യമുണ്ടാക്കണമെന്നും കിഷോർ നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. 

Read Also: ഡൽഹി മോഡൽ നടപ്പാക്കാനൊരുങ്ങി പഞ്ചാബ്; എല്ലാ വീടുകളിലും സൗജന്യവൈദ്യുതി പ്രഖ്യാപിച്ച് AAP


പികെയുടെ നിർദ്ദേശങ്ങളോട് രാഹുൽ ഗാന്ധി അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച നിർദ്ദേശങ്ങളും ആശയങ്ങളും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും പരിശോധിക്കാൻ ഒരു ചെറിയ കമ്മിറ്റി രൂപീകരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു. 


കോൺഗ്രസിനെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി നേരത്തെ പലവട്ടം കോൺഗ്രസ് നേതൃത്വവും - പ്രശാന്ത് കിഷോറും ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. അതിന് ശേഷം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്നതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയാണ് വീണ്ടും പ്രശാന്ത് കിഷോറിന്റെ സേവനം വേണമെന്ന ചിന്തയിലേക്ക് കോൺഗ്രസിനെയെത്തിത്.  


അടുത്തിടെ സോണിയ-രാഹുൽ പ്രിയങ്ക ഗാന്ധിമാരുമായി പ്രശാന്ത് കിഷോർ  ചർച്ചകൾ പുനരാരംഭിച്ചു. ഈ വർഷാവസാനം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കേന്ദ്രീകരിച്ചുള്ള ചർച്ചയെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതെങ്കിലും 2024ലെ പൊതുതിരഞ്ഞെടുപ്പും അതുസംബന്ധിച്ച രൂപരേഖയുമാണ് ചർച്ച ചെയ്തതെന്ന്  തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പികെയുടെ അടുപ്പക്കാർ അടിവരയിടുന്നു.

Read Also: കരാറുകാരന്റെ മരണം:സമ്മർദ്ദത്തിനൊടുവിൽ കെ എസ് ഈശ്വരപ്പ രാജിവെച്ചു


2024-ലേക്കുള്ള ധാരണയിൽ ഇരുപക്ഷവും എത്തിയാൽ ഗുജറാത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ പ്രശാന്ത് കിഷോറിന് ചുമതല നൽകി പരീക്ഷണം നടത്താനുള്ള ശ്രമങ്ങളും ഉണ്ടായേക്കാം. അതേസമയം, ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മാത്രം പ്രവർത്തിക്കാനുള്ള ഒറ്റത്തവണ വാഗ്ദാനമാണ് കിഷോറിന് നൽകുകയെന്നും കോൺഗ്രസ് വൃത്തങ്ങൾ തറപ്പിച്ചുപറയുന്നു.


പാർട്ടി നേതാക്കളെ അധികം എതിർക്കാതെ കോൺഗ്രസിനെ നവീകരിക്കാനുള്ള നീക്കങ്ങളുടെ ചുമതല പ്രശാന്തിന് നൽകി , വർദ്ധിച്ചുവരുന്ന മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് രാഹുൽ ഗാന്ധിയുടെ ആഗ്രഹം. എന്നാൽ അതിന് വിരുദ്ധമായുള്ള പികെയുടെ 'ബിഗ് ബാംഗ്' സമീപനമാണ് മുന്നോട്ട് പോക്കിന് കാലതാമസമുണ്ടാക്കുന്നത്. 


മമത ബാനർജിയുടെ ബംഗാൾ വിജയത്തിന് ശേഷം കഴിഞ്ഞ വർഷം പ്രശാന്ത് കിഷോർ സോണിയ-രാഹുൽ പ്രിയങ്ക ഗാന്ധിമാരുമായി ചർച്ചകൾ നടത്തിയിരുന്നു. പിന്നീട് ഇരുകൂട്ടരും രണ്ട് വഴിയ്ക്കായി. അതിന് ശേഷം പ്രശാന്ത് കിഷോറിനൊപ്പം പ്രവർത്തിച്ചിരുന്ന മറ്റൊരാളുമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൈകാര്യം ചെയ്യാനുള്ള കരാർ കോൺഗ്രസ് ഒപ്പുവച്ചു. 


പിന്നീട്  തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികളിൽ കോൺഗ്രസിനെതിരെയും പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്കെതിരെയും മൂർച്ചയുള്ള പരസ്യമായ പരിഹാസങ്ങളുമായി പ്രശാന്ത് കിഷോർ രംഗത്തെത്തിയിരുന്നു. എന്നിട്ടും ഇരുപക്ഷവും മറ്റൊരു ധാരണയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചുവെന്നത് അമ്പരപ്പിക്കുന്നകാര്യമാണ്. ആശയവിനിമയം "ഒരിക്കലും നിലച്ചിട്ടില്ലെന്നാണ് ഇരുവർക്കുമൊപ്പം നിലയുറപ്പിച്ചിട്ടുള്ളവർ അടിവരയിടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.