ന്യൂഡൽഹി: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതിനിടയിൽ ('ലിവ് ഇൻ') ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം, പിന്നീട് വിവാഹം നിരസിക്കുന്ന കാരണം കൊണ്ട് ബലാത്സംഗമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ നിയന്ത്രണത്തിലല്ലാത്ത കാരണം കൊണ്ട് പുരുഷന് സ്ത്രീയെ വിവാഹം കഴിക്കാൻ കഴിയാതെ വന്നാൽ 'ലിവ് ഇൻ' കാലത്തെ പരസ്പരസമ്മതത്തോടെയുള്ള സെക്സ് ബലാത്സംഗമായി പരിഗണിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇങ്ങനെയുള്ള 'ലിവ് ഇൻ' റിലേഷന്‍ഷിപ്പ് നിയമപരിരക്ഷ ലഭിക്കില്ലെങ്കിലും നിയമത്തിനെതിരല്ല. നേരത്തെ ഉഭയ സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പങ്കാളി പിന്മാറിയാല്‍ പിന്നീട് പീഡനം നടന്നെന്ന് കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.


ജസ്റ്റിസ് എകെ സിക്രി ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് വിധി. കൂടാതെ, ഇത്തരം കേസുകള്‍ വിവാഹ വാഗ്ദാനം നല്കി വഞ്ചനയല്ലെന്നും കോടതി വ്യക്തമാക്കി. പീഡനവും സമ്മതത്തോടെ ഉള്ള ലൈംഗികബന്ധവും തമ്മില്‍ വ്യത്യാസമുണ്ട്. അതിനാല്‍ ഇത്തരം കേസുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും കോടതി പറഞ്ഞു. 


ആരോപണവിധേയന്‍ യഥാര്‍ത്ഥത്തില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടോ അതോ ചതിക്കാനുള്ള ഉദ്ദേശത്താലാണോ വിവാഹ വാഗ്ദാനം നല്കിയതെന്ന് കോടതി കണ്ടെത്തണം. വാക്ക് പാലിക്കാന്‍ സാധിക്കാത്തതും വ്യാജ വാഗ്ദാനം നല്കുന്നതും രണ്ടും രണ്ടാണ്. കുറ്റാരോപിതന്‍ വിവാഹ വാഗ്ദാനം നല്‍കിയത് സദുദ്ദേശപരമായി ആണെങ്കില്‍ സാഹചര്യം മൂലം വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുന്നത് പീഡനമായി പരിഗണിക്കാന്‍ കഴിയില്ലന്നും ബെഞ്ച് വ്യക്തമാക്കി. ഇത്തരം കേസില്‍ പുരുഷന് ന്യായികരിക്കാവുന്ന കാരണങ്ങള്‍ ഉണ്ടെങ്കില്‍ കേസ് പ്രത്യക തരത്തില്‍ പരിഗണിക്കണമെന്നും കോടതി നിഷ്കര്‍ഷിച്ചു.


മഹാരാഷ്ട്രയിലെ ഡോക്ടർക്കെതിരെ നഴ്സ് നൽകിയ പരാതിയിലെടുത്ത എഫ്ഐആർ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇതു സംബന്ധിച്ച നിരീക്ഷണം നടത്തിയത്. ഈ കേസിലും, സ്ത്രീ സ്വന്തം ഇഷ്ടപ്രകാരമാണ് ലിവ് ഇന്‍ റിലേഷനില്‍ ആയതെന്നും അതിനാല്‍ ഇത് പീഢനമാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു. പ്രണയത്തിലായിരിക്കെ നല്ല ബന്ധം പുലര്‍ത്തിയ ഇരുവര്‍ക്കും പുരുഷന്‍ വിവാഹം ചെയ്തതിന്‍റെ പേരില്‍ മുന്നേ നടന്നത് പീഡനമാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.