രാജ്യത്ത് കോവിഡ് വീണ്ടും കുതിക്കുന്നു; ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,009 പേര്‍ക്ക് രോഗബാധ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2,067 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
രാജ്യത്ത് വീണ്ടും കോവിഡ് കുതിക്കുന്നു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1009 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. 314 പേര്‍ രോഗമുക്തി നേടിയിരുന്നു. ഒരു മരണം സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം 2,641 ആയി ഉയരുകയും ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.70 ആണ്. ഇന്നലെ ഡല്‍ഹിയില്‍ 632 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് ഡല്‍ഹിയിലാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2,067 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തേതില്‍ നിന്ന് ഇരട്ടിയിലധികം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തില്‍ 66 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 40 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 12,340 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹി എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍, കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കാനും കോവിഡ് ആശങ്ക നിലനില്‍ക്കുന്ന മേഖലകളില്‍ നിരീക്ഷണം കര്‍ശനമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശിച്ചു.
നിരവധി സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനു പിന്നാലെ ഇന്ത്യയിൽ രോഗബാധ ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് കേസുകളിൽ നേരിയ വർധന റിപ്പോർട്ട് ചെയ്ത ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, മിസോറം എന്നീ സംസ്ഥാനങ്ങൾക്ക് കോവിഡ് വ്യാപനം നിരീക്ഷിക്കാനും ഉടനടി നടപടികൾ കൈക്കൊള്ളാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് കാണിച്ച് കേരളത്തിന് അയച്ച കത്തിൽ, മുൻകരുതൽ നടപടികൾ നിലനിർത്തേണ്ടത്തിന്റെ ആവശ്യകതയും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.