Covid updates: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 18,257 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 42 മരണം
Covid updates India: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് 18,257 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കുന്നു.
ന്യൂഡൽഹി: ഇന്ത്യയിൽ ദിവസേനയുള്ള കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,257 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് 18,257 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കുന്നു. ഇതോടെ സജീവ കേസുകളുടെ എണ്ണം 1,28,690 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,32,777 കോവിഡ് ടെസ്റ്റുകൾ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 4.22 ശതമാനം ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.08 ശതമാനം ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,553 കോവിഡ് രോഗികൾ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,29,68,533 ആയി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42 രോഗികൾ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,25,428 ആയി ഉയർന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 10,21,164 കോവിഡ് വാക്സിൻ ഡോസുകൾ നൽകി. ഇന്ത്യയിൽ ഇതുവരെ 198 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
കൊൽക്കത്തയിൽ മങ്കിപോക്സ് ബാധിച്ചതായി സംശയിച്ചയാളുടെ പരിശോധനാ ഫലം പുറത്ത് വിട്ടു
കൊൽക്കത്ത: മങ്കിപോക്സ് ബാധിച്ചതായി സംശയിച്ചിരുന്ന യുവാവിന്റെ പരിശോധനാ ഫലം പുറത്ത് വിട്ടു. മങ്കിപോക്സ് ബാധിച്ചതായി സംശയിച്ച് വെള്ളിയാഴ്ച നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധിച്ച രക്ത സാമ്പിളിന്റെയും ശരീരസ്രവങ്ങളുടെയും റിപ്പോർട്ടിൽ മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
യുവാവിനെ ചികിത്സയിൽ പ്രവേശിപ്പിച്ച ആശുപത്രി അധികൃതരും മങ്കിപോക്സ് റിപ്പോർട്ട് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. യുവാവിന് ചിക്കൻ പോക്‌സിന് ചികിത്സ നൽകുമെന്നും ഉടൻ തന്നെ ആശുപത്രി വിടാനാകുമെന്നും അധികൃതർ വ്യക്തമാക്കി. യൂറോപ്പിൽ നിന്ന് ഇന്ത്യയിലെത്തിയ യുവാക്കൾക്ക് മങ്കിപോക്സിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. വിവിധ പാശ്ചാത്യ രാജ്യങ്ങളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന യാത്രക്കാരെ ഉടൻ ഐസൊലേറ്റ് ചെയ്യാൻ എയർപോർട്ട് അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്.
മങ്കിപോക്സിന്റെ ലക്ഷണങ്ങൾ?
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.
മങ്കിപോക്സ് വ്യാപനം തടയുന്നതിന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന അഞ്ച് പ്രധാന നടപടികൾ:
-മങ്കിപോക്സ് രോഗബാധയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക
-മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരുന്നത് തടയാൻ ജാഗ്രത പാലിക്കുക
-മുൻനിര തൊഴിലാളികളെയും ആരോഗ്യപ്രവർത്തകരെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
-ലഭ്യമായ വാക്സിനുകൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുക
-രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...