ലഖ്‌നൗ: യുപിയിലെ ബുലന്ദ്ഷഹറില്‍ രണ്ടുപേരുടെ ജീവനെടുത്ത ആള്‍ക്കൂട്ട ആക്രമണത്തിന്‍റെ സൂത്രധാരകന്‍ പൊലീസ് പിടിയില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവുമായി ബന്ധപ്പെട്ട് യോഗേഷ് രാജ് എന്നുപേരുള്ള യുവാവാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ ബജരംഗദളിന്‍റെ ജില്ലാ കോർഡിനേറ്ററാണ്. 


പ്രദേശത്ത് സംഘര്‍ഷം പോട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് യോഗേഷ് രാജാണ് ഗോവധവുമായി ബന്ധപ്പെട്ട് പൊലീസില്‍  പരാതി നല്‍കിയത്.


യോഗേഷ് രാജിനെക്കൂടാതെ 3 പേരെക്കൂടി പൊലീസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെക്കൂടാതെ 6 മറ്റ് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.  


ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗോവധവും ആള്‍ക്കൂട്ട ആക്രമണവുമാണ് കേസിനാധാരമാക്കിയിരിക്കുന്നത്. ഇതില്‍ ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 27 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 


ഗോവധം ആരോപിച്ച് പടിഞ്ഞാറേ ഉത്തര്‍പ്രദേശ് മേഖലയിലാണ് കലാപമുണ്ടായത്. ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന പ്രചരണത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 


ഗ്രാമത്തിനടുത്തുള്ള കാട്ടിൽ കശാപ്പ് ചെയ്യപ്പെട്ട പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ചില ഹിന്ദു സംഘടനയില്‍പ്പെട്ട ആളുകള്‍ ഈ അവശിഷ്ടങ്ങള്‍ റോഡില്‍ കൊണ്ടിടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇത് എടുത്തുനീക്കാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് പ്രതിഷേധക്കാര്‍ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടത്.   


ആള്‍ക്കൂട്ട ആക്രമണത്തില്‍ സുബോധ് കുമാര്‍ സിംഗ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറും സുനിത് (20) എന്ന പ്രദേശവാസിയും കൊല്ലപ്പെട്ടു. അഖ്‌ലാഖ് വധം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട സുബോധ് കുമാര്‍. പശുവധം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും മറ്റും പ്രധാന പങ്കുവഹിച്ചയാളാണ് സുബോധ് കുമാര്‍. അന്വേഷണത്തിന്‍റെ പാതിവഴിയില്‍ ഇയാളെ വരാണസിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. തലയ്ക്ക് വെടിയേറ്റ്‌ സുബോധ് കുമാര്‍ പോലീസ് വാഹനത്തില്‍ വീഴുന്ന മൊബൈല്‍ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.


സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് കമ്പനി ദ്രുതകര്‍മ സേനയും ആറു കമ്പനി പ്രൊവിന്‍ഷ്യല്‍ ആംഡ്കോണ്‍സ്റ്റബുലറിയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.


അതേസമയം, പൊലീസുകാരന്‍റെ മരണത്തില്‍ ദുരൂഹതയേറുകയാണ്. കാരണം, വെടിയേറ്റാണ് പൊലീസുകാരന്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, സംഭവസ്ഥലത്ത് കൊല്ലപ്പെട്ട സുബോധ് കുമാര്‍ എങ്ങനെ ഒറ്റപ്പെട്ടു എന്നതും സംശയത്തിന് ഇട നല്‍കുന്നു.