ബെന്യാമിന് പുരസ്കാര൦, ശശി തരൂരിന് ആദരം!!
ബെന്യാമിന് പുറമേ പ്രയാഗ് അക്ബര്‍, ദര്‍ജോയ് ദത്ത, റസ്‌കിന്‍ ബോണ്ട്, സുധ മൂര്‍ത്തി, സോഹ അലി ഖാന്‍ തുടങ്ങിയവര്‍ക്ക് വിവിധ വിഭാഗത്തില്‍ പുരസ്‌കാരമുണ്ട്.
മുംബൈ: പുസ്തക പ്രസാധകരായ ക്രോസ് വേഡിന്‍റെ 2018-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജൂറി , ജനപ്രിയം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ നല്‍കിയത്.
ജൂറി വിഭാഗത്തില്‍ ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, പരിഭാഷ, ബാലസാഹിത്യ പുസ്തകങ്ങള്‍ക്കാണ് പുരസ്കാര൦. മൂന്ന് ലക്ഷം രൂപയാണ് സമ്മാന തുക.
ജനപ്രിയ വിഭാഗത്തില്‍ ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, ബിസിനസ് ആന്‍ഡ് മാനേജ്‌മെന്‍റ്, ബാലസാഹിത്യം, ബയോഗ്രഫി, ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് പുസ്തകങ്ങള്‍ക്കാണ് പുരസ്‌കാരം. ഒരു ലക്ഷമാണ് ഈ വിഭാഗത്തിന്‍റെ സമ്മാനത്തുക.
പരിഭാഷയ്ക്കുള്ള പുരസ്‌കാരം മലയാളി സാഹിത്യകാരന്‍ ബെന്യാമിന്‍റെ പുസ്തകത്തിന് ലഭിച്ചു.
ബെന്യാമിന്‍റെ 'മുല്ലപ്പൂനിറമുള്ള പകലുകള്‍' എന്ന പുസ്തകത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനമായ 'ജാസ്മിന്‍ ഡേയ്‌സ്' ആണ് വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
എഴുത്തിന്‍റെ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ശശി തരൂരിന് ആജീവനാന്ത പുരസ്‌കാര൦ നല്‍കി ആദരിച്ചു.
ബെന്യാമിന് പുറമേ പ്രയാഗ് അക്ബര്‍, ദര്‍ജോയ് ദത്ത, റസ്‌കിന്‍ ബോണ്ട്, സുധ മൂര്‍ത്തി, സോഹ അലി ഖാന്‍ തുടങ്ങിയവര്‍ക്ക് വിവിധ വിഭാഗത്തില്‍ പുരസ്‌കാരമുണ്ട്.
ജൂറി വിഭാഗത്തിലെ ഫിക്ഷന്‍ പുരസ്‌കാരം പ്രയാഗ് അക്ബറിന്‍റെ 'ലൈല' നേടി. നന്ദിക നമ്പിയുടെ അണ്‍ബ്രോക്കണ്‍ ബാലസാഹിത്യ വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹമായി.
സ്‌നിഗ്ധ പൂനത്തിന്‍റെ ഡ്രീമേഴ്‌സ്: ഹൗ യ൦ഗ് ഇന്ത്യന്‍സ് ആര്‍ ചെയ്ഞ്ചി൦ഗ് ദി വേള്‍ഡ് എന്ന പുസ്തകത്തിനാണ് നോണ്‍ ഫിക്ഷന്‍ പുരസ്‌കാരം. ഷഹനാസ് ഹബീബാണ് വിവര്‍ത്തക.
ജനപ്രിയ വിഭാഗത്തില്‍ ദര്‍ജോയ് ദത്തയുടെ ദി ബോയ് ഹൂ ലവ്ഡ് (ഫിക്ഷന്‍), സുധാമൂര്‍ത്തിയുടെ ത്രീ തൗസന്‍റ് സ്റ്റിച്ചസ് (നോണ്‍ ഫിക്ഷന്‍), ചന്ദ്രമൗലി വെങ്കിടേശന്‍റെ കാറ്റലിസ്റ്റ് (ബിസിനസ് ആന്‍ഡ് മാനേജ്‌മെന്‍റ്), റസ്‌കിന്‍ ബോണ്ടിന്‍റെ ലുക്കി൦ഗ് ഫോര്‍ ദി റെയിന്‍ബോ (ബാലസാഹിത്യം), സോഹ അലി ഖാന്‍റെ ദി പെരില്‍സ് ഓഫ് ബീയി൦ഗ് മോഡറേറ്ററി ഫെയ്മസ് (ബയോഗ്രഫി), സജ്ജീവ് കപൂര്‍, ഡോ. സരിത ദവാരെ എന്നിവര്‍ ചേര്‍ന്നെഴുതിയ യൂ ഹാവ് ലോസ്റ്റ് വെയിറ്റ് (ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ്) എന്നീ പുസ്തകങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടി.