ന്യൂഡൽഹി:  അനധികൃത സ്വത്ത് സമ്പാദനകേസില്‍ അണ്ണാ ഡി‌എം‌കെ ജനറല്‍ സെക്രട്ടറി ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുകയായിരുന്നു പി.സി ഘോഷ്, അമിതാവ് റോയി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച്. പെട്ടെന്ന് തന്നെ കീഴടങ്ങാനും ശശികലയോട് കോടതി നിർദേശിച്ചു. ഇതോടെ ശശികലയുടെ രാഷ്ട്രീയ ഭാവി ആരംഭത്തിൽ തന്നെ അടഞ്ഞ അവസ്ഥയിലായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശശികല 4 വര്‍ഷം തടവും പത്ത് കോടി രൂപ പിഴയും അടയ്ക്കണം.  രാഷ്ട്രീയലോകം ആകാംഷയോടെ കാത്തിരുന്ന വിധി പുറത്തുവന്നതോടെ ഒ.പനീർശെൽവം തമിഴ്നാട്ടിൽ കൂടുതൽ കരുത്തനാകുമെന്ന് ഉറപ്പായി. ശിക്ഷ സുപ്രീം കോടതി ശരിവച്ചതോടെ മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ ശശികലയ്ക്ക് കഴിയില്ല. 10 വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയാതെ വരും.


20 വർഷം നീണ്ട നിയമയുദ്ധത്തിനാണ് അന്ത്യമായിരിക്കുന്നത്. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 1991-1996 കാലഘട്ടത്തില്‍ 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. പരാതി നല്‌കിയതു ബിജെപി നേതാവ് ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമിയാണ്.   ശശികലയുടെ ബന്ധുക്കളായ ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവരും കേസില്‍ പ്രതികളാണ്. 


മുഖ്യമന്ത്രിയെന്നനിലയില്‍ ഇക്കാലയളവില്‍ ജയയുടെ മൊത്തം ശമ്പളമാകട്ടെ 60 രൂപ മാത്രവും. പ്രതിമാസം ഒരു രൂപ മാത്രം. 60 രൂപയില്‍ത്തന്നെ 27 രൂപ മാത്രമാണു ജയ കൈപ്പറ്റിയത്. 33 രൂപ ഖജനാവിലേക്കു മുതല്‍ക്കൂട്ടിയിരുന്നു. 


അതേസമയം, അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശശികലയുടെ സത്യപ്രതിജ്ഞ ഗവർണർ സി. വിദ്യാസാഗർ റാവു വൈകിപ്പിച്ചത് ഈ കേസിൽ വിധി വരുന്നതിനു വേണ്ടിയായിരുന്നുവെന്നു വിലയിരുത്തപ്പെടുന്നത്.