ഹരിയാനയില്‍ മൂന്നുവര്‍ഷം മുൻപു കൂട്ടമാനഭംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയെ വീണ്ടും അതേസംഘം പീഡിപ്പിച്ചു
റോഹ്തക്∙ ഹരിയാനയില്‍ മൂന്നുവര്‍ഷം മുൻപു കൂട്ടമാനഭംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയെ വീണ്ടും അതേസംഘം പീഡിപ്പിച്ചു. ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ നൽകിയ കേസ് പിന്‍വലിക്കാത്തതിന്‍റെ പേരിലാണ് വീണ്ടും ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ദലിത് പീഡനത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും പേരുകേട്ട ഹരിയാനയെ ഞെട്ടിച്ചാണ് ഒരേ സംഘം മൂന്നുവര്‍ഷത്തിനിടയില്‍ വീണ്ടും കോളജ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. 2013ല്‍ ഭിവാനിയില്‍ വച്ചുണ്ടായ ആദ്യ കൂട്ടമാനഭംഗത്തിലെ പ്രതികളായ അഞ്ചുപേരും കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനുംമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇവരുടെ ഭീഷണിയെതുടര്‍ന്ന് പെൺകുട്ടിയും കുടുംബവും റോഹ്തക്കിലേക്ക് താമസം മാറ്റി.
അവിടെയും പിന്തുടര്‍ന്ന പ്രതികള്‍ 50 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ദലിത് കുടുംബം വഴങ്ങിയില്ല. ഇതിന് ശേഷമാണ് കോളജില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി വനപ്രദേശത്തുവച്ച് കൂട്ടമായി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്. ഗുരുതരാവസ്ഥയില്‍ കണ്ട പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്ന പെണ്‍കുട്ടി ഒരുവിധം സമനില വീണ്ടെടുത്തു പഠനം പുനരാരംഭിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ പീഡനം.