പശുവിനെ കൊന്നെന്ന് ആരോപിച്ച് മർദനം: ഗുജറാത്തിൽ ദലിതുകളുടെ പ്രതിഷേധം ശക്തമാകുന്നു
പശുവിനെ കൊന്നെന്ന് ആരോപിച്ച് ദലിതരെ മർദിച്ചതിൽ പ്രതിഷേധിച്ച് ഗുജറാത്തിൽ ആരംഭിച്ച പ്രതിഷേധം വ്യാപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ഏഴ് ദലിത് യുവാക്കൾ ആത്മഹത്യക്ക് ശ്രമിക്കുകയും നിരവധി ബസുകൾ അഗ്നിക്കിരയാവുകയും ചെയ്തു.
അഹ് മദാബാദ്: പശുവിനെ കൊന്നെന്ന് ആരോപിച്ച് ദലിതരെ മർദിച്ചതിൽ പ്രതിഷേധിച്ച് ഗുജറാത്തിൽ ആരംഭിച്ച പ്രതിഷേധം വ്യാപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ഏഴ് ദലിത് യുവാക്കൾ ആത്മഹത്യക്ക് ശ്രമിക്കുകയും നിരവധി ബസുകൾ അഗ്നിക്കിരയാവുകയും ചെയ്തു.
വ്യത്യസ്ത സ്ഥലങ്ങളിലായി ദലിത് സംഘടനകൾ നടത്തിയ പ്രതിഷേധ റാലികളിലാണ് യുവാക്കൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതി രാജ്യസഭയിൽ തിങ്കളാഴ്ച ഇക്കാര്യം ഉന്നയിക്കുകയും ബഹളങ്ങൾക്കിടയിൽ സഭ നിർത്തിവെക്കുകയും ചെയ്തു.രാജ്കോട്ടിലും ജാംനഗറിലുമാണ് ബസുകൾ അഗ്നിക്കിരയായത്. രാജ്കോട്ട്-പോർബന്തർ ദേശീയപാത മണിക്കൂറുകളോളം പ്രതിഷേധക്കാർ തടസപ്പെടുത്തി.
സ്വയം ഗോസംരക്ഷകരെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘം കഴിഞ്ഞ ആഴ്ച നാല് തുകൽപണിക്കാരെ എസ്.യു.വിൽ കെട്ടിയിട്ട് മർദിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. മർദിക്കുന്ന ദൃശ്യങ്ങൾ മുന്നറിയിപ്പെന്ന നിലയിൽ ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തങ്ങൾ ചത്ത പശുവിന്‍റെ തോലുരിക്കുക മാത്രമാണ് ചെയ്തതെന്ന് അക്രമത്തിനിരയായവർ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ കഴിയുകയാണ്.സോഷ്യൽ മീഡിയയലൂടെ വൈറലായ ഈ ദൃശ്യങ്ങളാണ്
സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് തിരികൊളുത്തിയത്. വീഡിയോയിലൂടെ അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തിനുത്തരവാദികളായ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.അക്രമത്തിനിരയായവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കേസ് അന്വേഷിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ പ്രഖ്യാപിച്ചു.
എന്നാൽ, പ്രതിപക്ഷവും സാമൂഹ്യ-സന്നദ്ധ പ്രവർത്തകരും വിഷയത്തിൽ സർക്കാർ ഉറച്ച നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മാട്ടിറച്ചി വിവാദവും പശു സംരക്ഷണവും പോലുള്ള വിഷയങ്ങളിൽ ബി.ജെ.പി സർക്കാറിന്‍റെ നിലപാടുകളാണ് ചോദ്യം ചെയ്യപ്പെടുന്നത്.